ശുചിമുറിയിൽ വച്ച് വികൃതി കാണിച്ചു എന്ന് പറഞ്ഞാണ് കുഞ്ഞിനെ അടിച്ചത്. കൈയിലും കാലിലും അടി കൊണ്ട് പൊട്ടിയ പാടുകളുണ്ട്. മുരുക്കുംപുഴ സ്വദേശികളായ ദമ്പതികളുടെ മകനാണ് മർദ്ദനമേറ്റത്. 

പോത്തൻകോട്: രണ്ടേകാൽ വയസ്സുള്ള കുഞ്ഞിനെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അംഗനവാടി അധ്യാപികയെ സസ്പെൻഡ് ചെയ്തു. മം​ഗലപുരം പഞ്ചായത്തിലെ മണിയൻവിളാകം 126-ാം നമ്പർ അങ്കണവാടിയിലെ അധ്യാപിക ഷീലയെയാണ് സസ്പെൻഡ് ചെയ്തത്. കുട്ടി ശുചിമുറിയിൽ വച്ച് വികൃതി കാണിച്ചു എന്ന് പറഞ്ഞാണ് കുഞ്ഞിനെ അടിച്ചത്. കൈയിലും കാലിലും അടി കൊണ്ട് പൊട്ടിയ പാടുകളുണ്ട്. സംഭവത്തിൽ താത്ക്കാലിക ആയയായ കൃഷ്ണമ്മയെ പിരിച്ചുവിട്ടു. മുരുക്കുംപുഴ സ്വദേശികളായ ദമ്പതികളുടെ മകനാണ് മർദ്ദനമേറ്റത്.

പ്രോ​ഗ്രാം ഓഫീസറുടെയും സൂപ്പർവൈസർ എസ് ആശയുടെയും രക്ഷാകർത്താക്കളുടെയും സാന്നിദ്ധ്യത്തിൽ ചേർന്ന യോ​ഗത്തിൽ അധ്യാപിക കുറ്റം ഏറ്റുപറയുകയായിരുന്നു. ജോലിയിൽ ഉത്തരവാദിത്വം കാണിച്ചില്ലെന്ന കാരണത്താലാണ് ആയ കൃഷ്ണമ്മയെ പിരിച്ചുവിട്ടത്. അധ്യാപിക ഷീലയ്ക്കെതിരെ കൂടുതൽ അന്വേഷണം നടത്തിവരുന്നതായി പ്രോ​ഗ്രാം ഓഫീസർ പറഞ്ഞു. 

അധികൃതർ ചേർന്ന് സംഭവത്തെ നിസ്സാരവത്ക്കരിച്ച് അധ്യാപികയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അതിനാൽ കൂടുതൽ നിയമനടപടികളിലേക്ക് പോകുകയാണെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. മം​ഗലപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തതായി എസ്ഐ അജയൻ അറിയിച്ചു.