ഡ്യൂട്ടിയിലിരിക്കെ, പൊലീസുകാര്‍ ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളില്‍ ഏറെ നേരം ചിലവിടുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിജിപി ടി.കെ രാജേന്ദിരന്റെ തീരുമാനപ്രകാരമാണ് പുതിയ ഉത്തരവ്

ചെന്നൈ: തമിഴ്‌നാട്ടില്‍ എസ്.ഐ റാങ്കില്‍ താഴെയുള്ള പൊലീസുകാര്‍ ഇനിമുതല്‍ ഡ്യൂട്ടിസമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ഉത്തരവ്. ഡിജിപി ടി.കെ രാജേന്ദിരന്റെ തീരുമാനപ്രകാരമാണ് പുതിയ ഉത്തരവ്. 

ഡ്യൂട്ടിയിലിരിക്കെ, പൊലീസുകാര്‍ ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളില്‍ ഏറെ നേരം ചിലവിടുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

'പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഡ്യൂട്ടിയിലേര്‍പ്പെടുന്നതിനിടിയില്‍ പൊലീസുദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങളില്‍ സമയം ചിലവഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അവര്‍ക്ക് നല്‍കിയിട്ടുള്ള ചുമതലകളില്‍ നിന്ന് അവരുടെ ശ്രദ്ധ കവരാന്‍ ഇടയാക്കും'- സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. 

എസ്.ഐ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരാണെങ്കില്‍ പോലും ഔദ്യോഗികമായ ഉപയോഗത്തിന് മാത്രമേ മൊബൈല്‍ കരുതാവൂ എന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.

'ലോ ആന്റ് ഓര്‍ഡര്‍' പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളിലോ, വിവിഐപി സെക്യൂരിറ്റി ഡ്യൂട്ടിയിലാകുമ്പോഴോ, ക്ഷേത്രങ്ങളിലോ ഉത്സവങ്ങളിലോ ജോലിയിലാകുമ്പോഴോ സാധാരണ പൊലീസുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കുലര്‍ പ്രത്യേകം താക്കീത് ചെയ്യുന്നുണ്ട്.