തിരുവനന്തപുരം: ബജറ്റ് നിർദ്ദേശപ്രകാരം കെഎസ്ആര്‍ടിസി പെൻഷൻ വിതരണം സഹകരണബാങ്ക് ഏറ്റെടുത്തു. പെൻഷൻ കുടിശ്ശികയുടെ ആദ്യ ഗഡുവായി 284 കോടി രൂപ അടുത്ത മാസം സഹകരണ ബാങ്കുകള്‍ വഴി നല്‍കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ അറിയിച്ചു
ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് സഹകരണ വകുപ്പ് നടപടി തുടങ്ങി. പെൻഷൻ മുടങ്ങിയിട്ട് ആറുമാസമായി. ഒരു മാസത്തെ പെൻഷൻ വിതരണത്തിന് മാത്രം വേണ്ടത് 60 കോടി. മാർച്ചിനുള്ളിൽ മുഴുവൻ കുടിശ്ശികയും തീർക്കുമെന്നാണ് ബജറ്റിലെ ഉറപ്പ്. 6 മാസത്തേക്ക് 584 കോടി വേണ്ടിവരും.
പെൻഷൻ വിതരണത്തിനുള്ള പദ്ധതി രേഖയെ കുറിച്ച് സഹകരണമന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പരിധിയില്‍ വരുന്ന സാമ്പത്തിക ശേഷിയുള്ള പ്രാഥമിക സഹകരണ ബാങ്കിനെ പെന്‍ഷന്‍ വിതരണത്തിന് ചുമതലപ്പെടുത്താനാണ് ശ്രമം.
പലിശ തുകക്ക് സർക്കാർ ഗ്യാരണ്ടിയിന്മേലാണ് നടപടികൾ. ജില്ലകൾ തോറും സഹകരണ ബാങ്കുകളുടെ കൺസോർഷ്യമുണ്ടാക്കും. സഹകരണ ബാങ്ക് നടപടികളിൽ ആശ്വാസമുണ്ടെങ്കിലും പെൻഷൻ നേരിട്ട് സർക്കാർ ഏറ്റെടുക്കാത്തതിൽ സമരം ചെയ്യുന്ന പെൻഷൻകാർക്ക് പ്രതിഷേധമുണ്ട്.
