കൊച്ചി: ചോറ്റാനിക്കരയിൽ   നാലു വയസ്സുള്ള മകളെ കാമുകനുമായി ചേർന്ന് കൊലപ്പെടുത്തി  കുഴിച്ച് മൂടിയ  കേസിൽ അമ്മയുടെ  ഇരട്ട ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു.  കേസിലെ രണ്ടാം പ്രതി   റാണി സമർപ്പിച്ച ഹ‍ർജിയാണ് കോടതി തള്ളിയത്. ഒന്നാം പ്രതി രഞ്ജിത്തിന് വധ ശിക്ഷയായിരുന്നു എറണാകുളം പോക്സോ കോടതി വിധിച്ചത്.

എറണാകുളം പോക്സോ കോടതിയാണ് 2018 ജനുവരിയിലാണ്  ചോറ്റാനിക്കര കൊലപാതക കേസിലെ രണ്ടാം പ്രതിയായ റാണിയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. റാണിയുടെ കാമുകനായ ഒന്നാം പ്രതി കോലഞ്ചേരിയിലെ  ര‌ഞ്ജിത്തിന് വധ ശിക്ഷയും മൂന്നാം പ്രതി തിരുവാണിയൂർ  ബേസിലിന് ഇരട്ട ജീവപര്യന്തവുമായിരുന്നു ശിക്ഷ.  തന്‍റെ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് കുട്ടിയുടെ അമ്മ റാണി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വിചാരണ കോടതിയുടെ ശിക്ഷ റദ്ദാക്കാൻ മതിയായ കാരണങ്ങളില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. തുടർന്ന് റാണിയുടെ ഹർ‍ജി തള്ളുകയായിരുന്നു. 2013 ഓക്ടോബറിലായിരുന്നു നാടിനെ നടുക്കിയ ബാലിക കൊലപാതകം നടന്നത്.

ചോറ്റാനിക്കര അമ്പാടി മലയിലായിരുന്നു റാണിയും രണ്ട് കുട്ടികളും ഭർത്താവും താമസിച്ചിരുന്നത്. ഭർത്താവ് വിനോദ് ക‌ഞ്ചാവ് കേസിൽ ജയിലിലായതോടെ റണി രഞ്ജിത്ത്, ബേസിൽ എന്നിവരുമായി അടുപ്പത്തിലായി. നാട്ടുകാർക്കിടയിൽ സഹോദരനാണെന്നായിരുന്നു ഇവരെ റാണി പരിചയപ്പെടുത്തിയത്. റാണിയുടെ രണ്ട് കുട്ടികളിൽ മൂത്ത മകളാണ് കൊല്ലപ്പെട്ട നാല് വയസ്സുള്ള പെൺകുട്ടി. 

കൊലപാതകം നടന്ന ദിവസം റാണിയും സുഹൃത്തുക്കളിൽ ഒരാളുമായ ബേസിലും  ഈ സമയം വീടിന് പുറത്ത് പോയതായിരുന്നു.  സ്കൂൾ വിട്ട് വീട്ടിലേക്ക് വന്ന കുട്ടിയെ കാമുകൻമാരിൽ ഒരാളായ  രഞ്ജിത് പീഡിപ്പിക്കാൻ ശ്രമിച്ചു. പീഡന ശ്രമം ചെറുത്ത കുട്ടിയെ ചുവരിൽ ഇടിച്ചു ശ്വാസം മുട്ടിച്ചും പ്രതി കൊലപ്പെടുത്തി. പിന്നീട് വീടിന്‍റെ ടൈറസിൽ ഒളിപ്പിച്ചു. റാണി തിരിച്ചെത്തി മകളെ അന്വേഷിച്ചപ്പോഴാണ് രഞ്ജിത് കൊല നടത്തിയ കാര്യം വിശദീകരിച്ചത്. റാണിയുടെ ഉപദേശ പ്രകാരം കുഞ്ഞിന്‍റെ മൃതദേഹം കാമുകൻമാർ ചേർന്ന്  സമീപത്തെ ആൾപ്പാർപ്പില്ലാത്ത പറമ്പിൽ കുഴിച്ചു മൂടി. തുടർന്ന് റാണി പൊലീസ് സ്റ്റേഷനിലെത്തി മകളെ കാൺമാനില്ലെന്ന് പരാതിപ്പെട്ടു. അമ്മയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ചോറ്റാനിക്കര  പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലായിരുന്നു കൊലപാതക വിവരം പുറത്തറിയുന്നത്.