രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പൊലീസിന്റെ അപേക്ഷ തള്ളിയത്. രഹ്നയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും
പത്തനംതിട്ട: രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പൊലീസിന്റെ അപേക്ഷ തള്ളിയത്. രഹ്നയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും
അയ്യപ്പ തീര്‍ത്ഥാടകരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമയെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഇതാണ് കോടതി നിരാകരിച്ചത്.
കഴിഞ്ഞ ദിവസം, പത്തനംതിട്ട പൊലീസാണ് രഹ്നയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹ്ന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് പത്തനംതിട്ട ടൗൺ സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. ഫേസ്‍ബുക്ക് പോസ്റ്റിലൂടെ മതസ്പർദ്ദ ഉണ്ടാക്കിയെന്ന കേസിൽ കഴിഞ്ഞ 27 നായിരുന്നു രഹ്ന ഫാത്തിമ റിമാൻഡിലായത്.
തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയിൽ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്ക്കൊപ്പം ദര്‍ശനം നടത്താന്‍ രഹ്ന ഫാത്തിമ ശ്രമിച്ചിരുന്നു. ഇവര്‍ക്ക് പൊലീസ് സംരക്ഷണമൊരുക്കിയതിനെതിരെ അന്ന് രൂക്ഷ പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് ഇവര്‍ നടപ്പന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു.
രഹനയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ബിജെപി നേതാവ് ആർ രാധാകൃഷ്ണ മേനോന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. അറസ്റ്റിന് പിന്നാലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയായിരുന്ന രഹന ഫാത്തിമയെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തതിരുന്നു. ബിഎസ്എൻഎൽ പാലാരിവട്ടം ഓഫീസിൽ ടെലികോം ടെക്നിഷൻ ആയിരുന്ന രഹനയെ അന്വേഷണ വിധേയമാണ് സസ്‌പെന്‍റ് ചെയ്തിരിക്കുന്നത്.
