തൃശൂര്‍: മൂന്നാറിനു പിറകെ അതിരപ്പിള്ളിയിലും സിപിഎമ്മിനെ പരസ്യമായി വെല്ലുവിളിച്ച് സി പി ഐ. പദ്ധതിയ്‌ക്കെതിരെ അതിരപ്പിള്ളി സംരക്ഷണ സംഗമം എന്ന പേരില്‍ ഞായറാഴ്ച എഐവൈഎഫ് സംഘടിപ്പിക്കുന്ന പ്രചാരണപരിപാടിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുക്കും.
അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ആലോചിക്കുമ്പോള്‍ ഇതാദ്യമായാണ് സിപിഐ പരസ്യമായി എതിര്‍ക്കുന്ന പ്രചാരണപരിപാടികളുമായി രംഗത്തുവരുന്നത്. പദ്ധതി ഉപേക്ഷിക്കുക, ചാലക്കുടി പുഴയെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയെ തുടക്കത്തില്‍ തന്നെ എതിര്‍ത്തിരുന്ന സി പി ഐ സര്‍ക്കാരിനെതിരെയും സി പി എമ്മിനെതിരെയും ഇക്കാര്യത്തില്‍ പരസ്യനിലപാട് സ്വീകരിച്ചിരുന്നെങ്കിലും പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കാന്‍ മുന്നോട്ടുവന്നിരുന്നില്ല. വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുമുയര്‍ന്നിട്ടും അതിരപ്പിള്ളി പദ്ധതിയുമായി സി പി എം മുന്നോട്ടു പോവുകയും, വൈദ്യുതി മന്ത്രി എം എം മണി സി.പി.ഐയെ ആക്ഷേപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പരസ്യ ക്യാമ്പയിനുമായി പാര്‍ട്ടി രംഗത്ത് വരുന്നത്.
ഞായറാഴ്ച വൈകീട്ട് മൂന്നിന് അതിരപ്പിള്ളിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എ.ഐ.വൈ.എഫാണ് പരിപാടി നടത്തുന്നതെങ്കിലും സി.പി.ഐ സംസ്ഥാന-ജില്ലാ നേതാക്കള്‍ തന്നെയാണ് രംഗത്തുള്ളത്. സി.പി.എമ്മിനെതിരെ തുറന്ന പോരാട്ടം തന്നെയാണ പരസ്യ പ്രചാരണത്തിലൂടെ സി.പി.ഐ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
