കണ്‍ട്രോള്‍ കമ്മിഷൻ റിപ്പോർട്ട്‌ ചോർന്നത് സിപിഐ സമ്മേളനത്തിന്റെ ശോഭ കെടുത്തി എന്നായിരുന്നു പ്രതിനിധികളുടെ വിമർശനം.

കെ.ഇ ഇസ്മായിലിനെതിരായ കണ്‍ട്രോള്‍ കമ്മീഷൻ റിപ്പോർട്ട് സി.പി.ഐ സംസ്ഥാന സമ്മേളനം അംഗീകരിച്ചു. പരാതി ഉള്ളവർക്ക് കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷനെ സമീപിക്കാമെന്നു കാനം രാജേന്ദ്രൻ പറഞ്ഞു. റിപ്പോർട്ട്‌ ചോർന്നത് പാർട്ടിക്ക് നാണക്കേടുണ്ടാക്കി എന്ന്‌ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പറഞ്ഞു. 

കണ്‍ട്രോള്‍ കമ്മിഷൻ റിപ്പോർട്ട്‌ ചോർന്നത് സിപിഐ സമ്മേളനത്തിന്റെ ശോഭ കെടുത്തി എന്നായിരുന്നു പ്രതിനിധികളുടെ വിമർശനം. സമ്മേളനം ഉയർത്തിക്കൊണ്ടുവന്ന നിരവധി വിഷയങ്ങൾ ഇത് മൂലം അപ്രസക്തമായി. പാർടി നല്ല പ്രതിഛായയിൽ നിൽക്കുമ്പോഴായിരുന്നു റിപ്പോർട്ട്‌ പുറത്തു വന്നത്. ഇത് അവമതിപ്പുണ്ടാക്കി എന്നാണ് കോഴിക്കോട് നിന്നുളള പ്രതിനിധി കുറ്റപ്പെടുത്തിയത്. പാർട്ടിയുടെ കണ്‍ട്രോള്‍ കമ്മീഷന്റെ റിമോട്ട് ആരുടെയോ കയ്യിലാണെന്നു കാനതെ ലക്ഷ്യം വച്ചു ഇടുക്കി പ്രതിനിധി പറഞ്ഞു. സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനു മുൻപ് അച്ചടിച്ച് പ്രതിനിധികൾക്കിടയിൽ വിതരണം ചെയ്തത് ദുരൂഹം എന്നും വിമർശനം ഉയർന്നു. 

വീഴ്ച ഉണ്ടായെങ്കിൽ തിരുത്താൻ മറ്റ് വഴികൾ ഉണ്ടായിരുന്നില്ലേ എന്നും പ്രതിനിധികൾ ചോദിച്ചു. റിപ്പോർട്ട്‌ നെതിരെ കെ.ഇ ഇസ്മായിൽ നൽകിയ പരാതിയെ തുടർന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലും നേതൃത്വത്തിനെതിരെ സി ദിവാകരൻ ഉൾപടെ ഉള്ളവർ രംഗത്തെത്തി. പാർട്ടിക്ക് നാണക്കേടുണ്ടാക്കി എന്നായിരുന്നു ഇവരുടെ വാദം. കണ്‍ട്രോള്‍ കമ്മീഷൻ റിപ്പോർട്ടിനെതിരെ പരാതി ഉള്ളവര്‍ക്ക് കേന്ദ്ര നേതൃത്വതെ സമീപിക്കാമെന്നു വ്യക്തമാക്കി റിപ്പോർട്ട്‌ സമ്മേളനം അംഗീകരിച്ചു. കമ്മീഷൻ തെറ്റും ശരിയും കണ്ടെത്തുന്ന സംവിധാനമാണ്. ആ അധികാരത്തില്‍ മറ്റാരും കൈ കടത്താറില്ലെന്നായിരുന്നു നേതൃത്വത്തിന്റെ വാദം.

സംഘടനാ പ്രവർത്തനം സെക്രട്ടറി ഉൾപ്പടെ മൂന്നു പേരിൽ കേന്ദ്രീകരിക്കുന്നു എന്നും വിമർശനം ഉയർന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ വിമർശനം ഇന്നും തുടര്‍ന്നു. അതിരപ്പിള്ളി പദ്ധതി വേണ്ടെന്നു സമ്മേളനം പ്രമേയം പാസ്സാക്കി. സമവായം വേണമെന്ന് വൈദ്യുതി മന്ത്രി ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ആയിരുന്നു സി.പി.ഐ വിട്ടു വീഴ്ചയ്ക്ക് ഇല്ലെന്നു ആവർത്തിച്ചത്.