ഹരിയാനയിലും ഉത്തര്പ്രദേശിലും പുതിയ കോച്ച് ഫാക്ടറികള്‍ അനുവദിക്കുന്ന കേന്ദ്രസർക്കാര്‍ കേരളത്തോട് ഇരട്ടത്താപ്പ് കാട്ടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദില്ലി: കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി ദില്ലിയിലെ റെയിൽവെ ആസ്ഥാനത്തിന് മുന്നിൽ സി.പി.എം എം.പി മാരുടെ പ്രതിഷേധം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രം കോച്ച് ഫാക്ടറികള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു

കഞ്ചിക്കോട്ടെ ഫാക്ടറി സംബന്ധിച്ച് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് ദില്ലിയിൽ സി.പി.എം എം.പിമാരുടെ പ്രതിഷേധം.

രണ്ടാഴ്ച മുൻപ് എം.ബി രാജേഷ് എം.പിക്ക് അയച്ച കത്തില്‍ ഫാക്ടറി അനുവദിക്കാനാകില്ല എന്നാണ് പിയൂഷ് ഗോയല്‍ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞയാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അന്തിമ തീരുമാനംപിന്നീട് എടുക്കും എന്നുമാണ് പറഞ്ഞത്. 

ഹരിയാനയിലും ഉത്തര്പ്രദേശിലും പുതിയ കോച്ച് ഫാക്ടറികള്‍ അനുവദിക്കുന്ന കേന്ദ്രസർക്കാര്‍ കേരളത്തോട് ഇരട്ടത്താപ്പ് കാട്ടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷ എംപിമാരുടെ സമരം എന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും സംസ്ഥാന നിര്‍വാഹക സമിതി യോഗമായതിനാൽ സിപിഐ എംപിമാര്‍ പങ്കെടുത്തില്ല.