കൊച്ചി: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ കൂടുന്നുവെന്ന് സംസ്ഥാന പോലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ. പ്രതികളിൽ 80 ശതമാനം പേർക്കും ശിക്ഷ കിട്ടാത്തത് നിരാശജനകമാണെന്നും ബെഹ്റ പറഞ്ഞു.

കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്ന പോക്സോ നിയമപ്രകാരം 2015ൽ സംസ്ഥാനത്ത് 1,583 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ 2016ൽ കേസുകളുടെ എണ്ണം 2,122 ആയി ഉയർന്നു. ഒരു വർഷത്തിനിടെ കൂടിയത് 539 കേസുകളാണ്. ഈ കേസുകളിലെ പ്രതികളിൽ 20 ശതമാനം പേർക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്. സാധാരണ കുറ്റവാളികളിൽ 75 ശതമാനം പ്രതികൾക്കും ശിക്ഷ ലഭിക്കുന്ന സ്ഥാനത്താണ് പോക്സോ കേസുകളിലെ ഈ ദുരവസ്ഥ.

നിയമസംവിധാനങ്ങളിലെ അപര്യാപ്തതയാണ് പ്രതികൾ രക്ഷപ്പെടുന്നതിന് കാരണമെന്ന് ഡിജിപി പറഞ്ഞു. കുട്ടികൾക്കെതിരായ കേസുകൾ കൈകാര്യം ചെയ്യുന്നതിന് പൊലീസിന് പരിശീലനം ലഭിക്കാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സ്ത്രീ സൗഹൃദ സ്റ്റേഷനുകൾ പോലെ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകളും നിലവിൽ വരണമെന്നും ബെഹ്റ പറഞ്ഞു.