ഫിദെല്‍ കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചന പ്രവാഹം. ക്യൂബയില്‍ ഒമ്പത് ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ സഹോദരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഫിദലിന്റെ സഹോദരി ജുവാനിത കാസ്‌ട്രോ പറഞ്ഞു. ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നു കാസ്‌ട്രോ എന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പ്രസ്താവനക്ക് പിന്നാലെ അമേരിക്കയിലെ കാസ്‌ട്രോ വിരുദ്ധ ക്യൂബന്‍ വംശജര്‍ ആഹ്ലാദ പ്രകടനവുമായി തെരുവിലിറങ്ങി.

അഞ്ച് പതിറ്റാണ്ട് കാലം വര്‍ധിച്ച ആത്മവീര്യത്തോട് കൂടി രാജ്യത്തെ നയിച്ച വിപ്ലവനായകന് സമാനതകളില്ലാത്ത അന്ത്യോമപചാരം അര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ക്യൂബന്‍ ജനത. രാജ്യത്ത് ഒമ്പത് ദിവസത്തെ ഔദ്യോഗിക ദുഖാചരണമാണ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ നാലിന് ഹവാനയിലായിരിക്കും ഫിഡല്‍ കാസ്‌ട്രോയുടെ സംസ്‌കാര ചടങ്ങുകള്‍. നാളെ മുതല്‍ ഫിദലിന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി വയ്ക്കും. ഞാനാണ് ഫിദല്‍ എന്ന പ്രഖ്യാപനത്തോടെ പതാകകള്‍ വീശി വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. രാജ്യത്ത് മദ്യ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തി വച്ചു. കാസ്‌ട്രോയെ ആദരിക്കുന്നതിനായി പലയിടത്തും റാലികള്‍ നടക്കുകയാണ്. ബരാക് ഒബാമയുള്‍പ്പടെയുള്ള ലോക നേതാക്കള്‍ അനുശോചനം അര്‍പ്പിച്ചത് പിന്നാലെയാണ് അമേരിക്കയിലെ കാസ്‌ട്രോ വിരുദ്ധ ക്യൂബന്‍ വംശജര്‍ ആഹ്ലാദപ്രകടനവുമായി തെരുവിലിറങ്ങിയത്. മിയാമിയിലെ ലിറ്റില്‍ ഹവാനയിലായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യൂബയില്‍ നിന്ന് നാട് വിട്ടവരുടെ തലമുറയില്‍പ്പെട്ടവര്‍ കാസ്‌ട്രോയുടെ മരണത്തില്‍ ഈ രീതിയില്‍ പ്രതികരിച്ചത്.

ഇതിനിടെ സഹോദരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കാസ്‌ട്രോയുടെ സഹോദരി ജുവാനിത കാസ്‌ട്രോ വ്യക്തമാക്കി. സഹോദരന്റെ മരണത്തില്‍ ദുഖമുണ്ടെങ്കിലും ക്യൂബയിലേക്ക് ഒരിക്കലും മടങ്ങി ചെല്ലാന്‍ തനിക്ക് താല്പര്യമില്ലെന്ന് 1965 മുതല്‍ അമേരിക്കയില്‍ താമസമാക്കിയ ജുവാനിത പറഞ്ഞു.