ന്യൂഡ‍ല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന് ഐക്യരാഷ്ട്ര സഭ സ്ഥിരീകരിച്ചു. ദാവൂദിന്റെ പാകിസ്ഥാനിലെ മേല്‍വിലാസങ്ങളും ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു.

ദാവൂദ് പാകിസ്താനില്‍ ഒളിച്ചു താമസിക്കുകയാണെന്നും പാകിസ്ഥാൻ സംരക്ഷണം നല്‍കുന്നുവെന്നുമുള്ള ഇന്ത്യയുടെ ആരോപണം ശരിവയ്ക്കുന്നതാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ഇന്ത്യ നല്‍കിയ ദാവൂദ് ഇബ്രാഹിമിന്റെ ഒമ്പത് മേല്‍വിലാസങ്ങളില്‍ ആറെണ്ണം ശരിയാണെന്ന് യുഎന്‍ സ്ഥിരീകരിച്ചു. മൂന്നെണ്ണം തെറ്റാണെന്നാണും യുഎൻ സമിതി കണ്ടെത്തി. ഇതിലൊന്ന് പാകിസ്താന്‍റെ ഐക്യരാഷ്ട്രസഭ പ്രതിനിധി മലീഹ ലോധിയുടേയതാണ്.

ദാവൂദിനെ സംരക്ഷിക്കുന്ന പാകിസ്താനെതിരെ യുഎന്നിന് മുന്നില്‍ ഇന്ത്യ പരാതി ഉന്നയിക്കുകയായിരുന്നു. ഒളിത്താവളം നല്‍കിയ പാകിസ്താനെതിരെ കര്‍ശന നടപടി വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അടിക്കടി മേല്‍വിലാസം മാറിയാണ് ദാവൂദ് കറാച്ചിയില്‍ താമസിക്കുന്നതെന്ന് ഇന്ത്യ യുഎന്നിനെ അറിയിച്ചിരുന്നു. ദാവൂദിന്റെ വീടിനെകുറിച്ച് വാർത്താ ചാനലുകളും ഒളിക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു.