പറ്റിയത് സാങ്കേതിക പിഴവാണെന്നും പെൻഷൻ ലഭിക്കുന്നതിൽ മറ്റു തടസ്സങ്ങൾ ഇല്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായും ഗോപിനാഥൻ പറഞ്ഞു.

പത്തനംതിട്ട: ജീവിച്ചിരിക്കുന്ന ആളോട് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നോട്ടീസ് നൽകിയതിൽ ക്ഷമ ചോദിച്ചു പത്തനംതിട്ട പ്രമാടം പഞ്ചായത്ത് അധികൃതർ. ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാൻ 64 കാരനായ ഗോപിനാഥൻ നായർ ഒടുവിൽ പഞ്ചായത്ത് ഓഫീസിൽ നേരിട്ട് എത്തി. പറ്റിയത് സാങ്കേതിക പിഴവാണെന്നും പെൻഷൻ ലഭിക്കുന്നതിൽ മറ്റു തടസ്സങ്ങൾ ഇല്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായും ഗോപിനാഥൻ പറഞ്ഞു.

ഇളകൊള്ളൂർ സ്വദേശി ഗോപിനാഥൻ നായർക്കാണ് പ്രമാടം പഞ്ചായത്തിൽ നിന്ന് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പഞ്ചായത്ത് നോട്ടീസയച്ചത്. സാമൂഹിക സുരക്ഷാ പെൻഷൻ റദ്ദാക്കുന്നതിനാണ് നോട്ടീസ്. മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിർദേശം. ഗോപിനാഥനെ ആധാർ കാർഡുമായി ഇന്ന് പഞ്ചായത്തിൽ നേരിട്ട് എത്തിച്ച ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്തുമെന്ന് മകൻ അറിയിച്ചിരുന്നു. ജോയിൻ്റ് ഡയറക്ടറുടെ ഓഫീസിൽനിന്ന് ലഭിച്ച പട്ടികയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.