ശശികലയുടെ സ്ഥാനാരോഹണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ജയലളിതയുടെ സഹോദരപുത്രി ദീപ ഇന്ന് രംഗത്തെത്തിയത്. എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ശശികലയെ നിയമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ ദീപ, ജയലളിത ഒരിയ്‌ക്കലും ശശികലയെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിട്ടില്ലെന്നും തുറന്നടിച്ചു. ജയലളിത ആശുപത്രിയിലായിരുന്ന കാലത്ത് പല തവണ താന്‍ അവരെ കാണാന്‍ ശ്രമിച്ചിരുന്നെന്നും അന്നൊക്കെ തന്നെ തടഞ്ഞത് ശശികലയാണെന്നും അവര്‍ ആരോപിച്ചു. 

എന്നാല്‍ പാര്‍ട്ടിക്ക് പുറത്തു നിന്ന് പ്രതിഷേധമുയരുമ്പോഴും എ.ഐ.എ.ഡി.എം.കെയ്‌ക്കുള്ളില്‍ ശശികലയ്‌ക്ക് ഏകകണ്ഠമായ പിന്തുണയാണുള്ളത്. തേവര്‍ സമുദായാംഗമായ ശശികലയെ എതിര്‍ത്തിരുന്ന ഗൗണ്ടര്‍ സമുദായാംഗവും ലോക്‌സഭാ ഡെപ്യൂട്ടി സ്‌പീക്കറുമായ തമ്പിദുരൈ ശശികലയ്‌ക്ക് പിന്തുണയറിയിച്ച് പ്രസ്താവന ഇറക്കി. പല നിര്‍ണായക രാഷ്‌ട്രീയ സന്ധികളിലും ജയലളിതയ്‌ക്ക് ഒപ്പം നിന്ന ശശികലയാണ് അവരുടെ യഥാര്‍ഥ പിന്‍ഗാമിയെന്ന് തമ്പിദുരൈ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.