ദില്ലിയിൽ അനധികൃത കെട്ടിടങ്ങൾക്കെതിരായ നടപടി ശക്തമാക്കി ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ. രണ്ട് ദിവസത്തിനിടെ 67 അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കി. 9 കെട്ടിടങ്ങൾ സീൽ ചെയ്യുകയും 35 കെട്ടിടങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.

ദില്ലി: ദില്ലിയിൽ അനധികൃത കെട്ടിടങ്ങൾക്കെതിരായ നടപടി ശക്തമാക്കി ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ. രണ്ട് ദിവസത്തിനിടെ 67 അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കി. 9 കെട്ടിടങ്ങൾ സീൽ ചെയ്യുകയും 35 കെട്ടിടങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.

ഇതിന് പുറമെ നാല് കെട്ടിടങ്ങൾക്ക് പൊളിക്കാൻ ഉത്തരവും നൽകിയിട്ടുണ്ട്. ദില്ലിയിലെ 12 സോണുകളിലായാണ് അനധികൃത നിർമാണങ്ങൾക്കെതിരായ നടപടി പുരോഗമിക്കുന്നത്. സത്യ നികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നതിന് പിന്നാലെയാണ് അനധികൃത കെട്ടിടങ്ങൾക്കെതിരായ പരിശോധനയും നടപടികളും കോർപ്പറേഷൻ ശക്തമാക്കിയത്.

സത്യ നികേതനിലെ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ദില്ലിയിൽ അടുത്തിടെയുണ്ടായ മൂന്നാമത്തെ കെട്ടിട ദുരന്തമാണ്. നിയമലംഘനം നടത്തി നിർമിച്ചതും കാലപ്പഴക്കം ചെന്നതുമായ കെട്ടിടങ്ങൾ ഒഴിപ്പിക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികൾ കാര്യമായി മുന്നോട്ടുപോയില്ലെന്ന വിമർശനം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനധികൃതവും അപകടഭീഷണി ഉയർത്തുന്നതുമായ കെട്ടിടങ്ങൾക്കെതിരെ നടപടി ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചത്.