പൊതുമാപ്പിന് അര്‍ഹരായ ഇന്ത്യക്കാരെ സഹായിക്കാനായി സൗദിയിലെ എല്ലാ ഭാഗങ്ങളിലും ഹെല്‍പ് ഡെസ്‍കുകള്‍ തുടങ്ങാന്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും തീരുമാനിച്ചു. 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കും. പൊതുമാപ്പ് കാലയളവില്‍ യാത്രാ രേഖയായ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യാന്‍ ഫീസ് ഈടാക്കില്ല.
പൊതുമാപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി സൗദിയിലെ എല്ലാ ഭാഗങ്ങളിലും സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും തീരുമാനിച്ചു. റിയാദ്, ദമാം, ജൂബയില്‍, ഹായില്‍, ബുറൈദ, വാദി ദാവാസിര്‍, ഖഫ്ജി,അല്‍ജൂഫ്, ഹഫര്‍ബാതിന്‍, അറാര്‍, ഹുഫൂഫ്‍, ജിദ്ദ, മക്ക, മദീന, തബൂക്ക്, യാമ്പു,തായിഫ്, ഖുന്‍ഫുദ, അല്ബാഹ, ബിഷ, അബഹ, ജിസാന്‍, നജ്റാന്‍ എന്നിവിടങ്ങളിലാണ് ഹെല്‍പ് ഡെസ്‍കുകള്‍ ആരംഭിക്കുക. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാര്‍ക്ക് യാത്രാരേഖയായ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഈ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യും. ഇതിനു പ്രത്യേക ഫീസ്‍ ഈടാക്കില്ല. റിയാദ് എംബസിയുമായി 8002471234 എന്ന ടോള്‍ഫ്രീ നമ്പരിലും ജിദ്ദാ കോണ്സുലേറ്റുമായി 8002440003 എന്ന ടോള്‍ഫ്രീ നമ്പരിലും ബന്ധപ്പെടാം.
ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റിലും 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫോറം എംബസിയുടെയും കോണ്‍സുലേറ്റിന്റെയും വെബ്സൈറ്റില്‍ നിന്നും ലഭിക്കും. 2013 ലെ പൊതുമാപ്പ് പോലെ ഇത്തവണ നിയമ ലംഘകര്‍ക്ക് പദവി ശരിയാക്കി സൗദിയില്‍ തന്നെ തുടരാന്‍ അവസരമില്ല. പൊതുമാപ്പ് പരിധിയില്‍ പെടുന്ന എല്ലാ നിയമ ലംഘകരും മൂന്ന് മാസത്തിനകം നാട്ടിലേക്ക് മടങ്ങണം. പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, ഫൈനല്‍ എക്‌സിറ്റ്, വിമാന ടിക്കറ്റ് എന്നിവയാണ് നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായത്. ഇതില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളും, ഫൈനല്‍ എക്‌സിറ്റ് സൗദി ജവാസാത്തും നല്കണം. വിമാന ടിക്കറ്റ് യാത്രക്കാര്‍ സ്വയം വഹിക്കണം. പൊതുമാപ്പിന് അര്‍ഹരായവര്‍ കഴിവതും വേഗം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാകണം എന്നാണു എംബസിയും കോണ്‍സുലേറ്റും ആവശ്യപ്പെടുന്നത്.
