തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി. പി.ജി. ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ആഹ്വാനം ചെയ്ത പണിമുടക്ക് സമരത്തില്‍ രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ചെയ്തതായി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മ്മദ് അറിയിച്ചു.
രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കാന്‍ എല്ലാ വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി. ആവശ്യമായ സ്ഥലങ്ങളില്‍ ഡോക്ടര്‍മാരെ പുനര്‍വിന്യസിക്കും. ഇതോടൊപ്പം ലീവിലുള്ള ഡോക്ടര്‍മാരോട് അടിയന്തിരമായി ഡ്യൂട്ടിക്ക് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സൂപ്രണ്ട് വ്യക്തമാക്കി.
വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തുന്നുവെന്ന നോട്ടീസ് ആശുപത്രി സൂപ്രണ്ടിന് ലഭിക്കുന്നത് വ്യാഴാഴ്ച വൈകുന്നേരം 4.30 നാണ്. ഓഫീസ് പ്രവൃത്തി സമയം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ഈ നോട്ടീസ് ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സൂപ്രണ്ട് പറഞ്ഞു.
