തൃശൂര്‍: തൃശൂര്‍ പൊയ്യയിൽ സ്കൂൾ വിദ്യാര്‍ത്ഥികളടക്കം ആറ് പേരെ കടിച്ചത് പേവിഷബാധയുള്ള നായ. മണ്ണുത്തി വെറ്റനറി കോളേജിൽ നടത്തിയ പരിശോധനയിലാണ് നായക്ക് പേ വിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നായയുടെ കടിയേറ്റവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയെന്നും തൃശൂര്‍ മെഡിക്കൽ കോളേജ് വൃത്തങ്ങൾ അറിയിച്ചു.

ഇന്നലെയാണ് മാളക്കടുത്തുള്ള പൊയ്യയിലാണ് തെരുവുനായ ആറ് പേരെ കടിച്ചത്. വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടു നിൽക്കുകയായിരുന്ന അഞ്ച് വയസ്സുകാരൻ ആയുസ് , സ്കൂൾ വിട്ട് മടങ്ങുകയായിരുന്ന ജെഫിൻ, അതുൽ, അന്ന എന്നീ കുട്ടികൾക്കും , ഗൗരി എന്ന അങ്കണവാടി ജീവനക്കാരിക്കും പി സി തോമസ്സ് എന്ന അമ്പത്തേഴുകാരനുമാണ് കടിയേറ്റത്.

ആയുസ്സിന്‍റെ മുഖത്തെ മാംസം നായ കടിച്ചെടുത്തിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ പിന്നീട് നായയെ തല്ലിക്കൊല്ലുകയും ചെയ്തു. തുടര്‍ന്ന് മണ്ണുത്തി വെറ്റേര്‍നറി കോളേജിൽ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റവര്‍ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നായയുടെ കടിയേറ്റവര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.