ഷാര്‍ജയില്‍ അടുത്തമാസം മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സേവനകാര്യാലയങ്ങള്‍വഴി അപേക്ഷ സ്വീകരിക്കുന്നത് ഈ മാസം അവസാനിപ്പിക്കും.
യുഎഇ ആഭ്യന്തരമന്ത്രാലയം സേവനങ്ങള്‍ക്ക് ദ്രുതവേഗം വരുത്തുന്നതിനായി കൊണ്ടുവന്ന സ്മാര്‍ട്ട് ഫോണ്‍ സംവിധാനമായ UAE-MOIയുടെ ഭാഗമായാണ് ഷാര്‍ജയിലും സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതെന്ന് ഡ്രൈവിംഗ് ലൈസന്‍സ് വകുപ്പ് മേധാവി അറിയിച്ചു. ഇതനുസരിച്ച് പുതിയതും, പുതുക്കാനുമുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍, നഷ്‌ടപ്പെട്ടതും നാശമായതുമംായ ലൈസന്‍സുകള്‍ക്ക് പകരം ലഭിക്കുവാനുള്ള അപേക്ഷകളെല്ലാം അടുത്തമാസം മുതല്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കും. പുതിയ സംവിധാന പ്രകാരം ഡ്രൈവിംഗ് ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ അക്കാര്യം അപേക്ഷകനെ മൊബൈല്‍ സന്ദേശം വഴി അറിയിക്കും. അപേക്ഷ സമര്‍പ്പിച്ചു നാല്‍പത്തിയെട്ട് മണിക്കൂറിനകം വിതരണത്തിന് നിശ്ചയിക്കപ്പെട്ട കമ്പനി അപേക്ഷകനു ലൈസന്‍സ് കൈമാറുമെന്ന് ലൈസന്‍സ് വകുപ്പ്ു മേധാവി കേണല്‍ അലി പറഞ്ഞു. ലൈസന്‍സിന്‍റെ കടലാസു പണികള്‍ക്കായി സര്‍വീസ് സെന്‍ററുകളില്‍ പോയി ജനങ്ങള്‍ വിലയേറിയ സമയം നശഷ്‌ടപ്പെടുത്തുന്നത് ഒഴിവാക്കാന്‍ നടപടി ഉപകരിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
