ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്‌സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഐസിസിയുടെ ആദ്യ വനിതാ പ്രസിഡന്റായി മിലന്‍ അരുണ്‍ തെരഞ്ഞെടുക്കപ്പെട്ടു. ഐസിബിഎഫ് പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഡേവിസ് ഇടക്കളത്തൂര്‍ എതില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യന്‍ എംബസിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു അപെക്‌സ് ബോഡികളുടെ നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ രണ്ടു ദിവസങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. നാട്ടിലെ തെരഞ്ഞെടുപ്പിന് സമാനമായ രീതിയില്‍ സ്ഥാനാര്‍ത്ഥികളുടെ ഫ്‌ളക്‌സുകളും ബാഡ്ജ് കുത്തി നടക്കുന്ന വോട്ടര്‍മാരുമൊക്കെയായി എല്ലാവരും തെരഞ്ഞെടുപ്പിന്റെ ആവേശത്തില്‍. ആദ്യദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് സ്ഥാനത്തേക്ക് ഡേവിസ് ഇടക്കളത്തൂര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മാനേജ്‌മെന്റ് കമ്മറ്റിയിലേക്ക് അദ്ദേഹത്തിന്റെ പാനലിലുള്ള പി.എന്‍ ബാബു രാജന്‍, മഹേഷ് ഗൗഡ, ഇക്ബാല്‍ ചേറ്റുവ, മാല കൃഷ്ണന്‍ തുടങ്ങിയ ഏഴംഗ സമിതിയും തെരഞ്ഞെടുക്കപ്പെട്ടു. ഐസിബിഎഫ് മാനേജ്‌മെന്റ് കമ്മറ്റിയിലേക്ക് അഞ്ചംഗങ്ങളെ കൂടി ഇന്ത്യന്‍ സ്ഥാനപതി നാമനിര്‍ദേശം ചെയ്യും. രണ്ടായിരത്തിലേറെ അംഗങ്ങളുള്ള ഐസിസി യിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ പേര്‍ വോട്ടു ചെയ്യാനെത്തി. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി കെ.എസ് ധിമാനായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. പ്രസിഡന്റ് സ്ഥാനത്തേക്ക് കര്‍ണാടക സ്വദേശിയായ മിലന്‍ അരുണ്‍ മികച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ നിലവിലെ പ്രസിഡന്റ് കെ.ഗിരീഷ്‌കുമാറിനോട് മത്സരിച്ച് പരാജയപ്പെട്ട മിലന്‍ ഗള്‍ഫ് എയറിന്റെ മാര്‍ക്കറ്റിങ് മാനേജരാണ്. ഇവരുടെ പാനലായി മത്സരിച്ച അഡ്വ.ജാഫര്‍ഖാന്‍, സുരേഷ് കരിയാട്, കെ.എസ് പ്രസാദ് തുടങ്ങി മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളും മികച്ച ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.ഐസിസി മാനേജ്‌മെന്റ് കമ്മറ്റിയിലേക്കും ഇന്ത്യന്‍ സ്ഥാനപതി അഞ്ചുപേരെ നോമിനേറ്റ് ചെയ്യും. മറ്റൊരു അപെക്‌സ് ബോഡിയായ ഐ.ബി.പി.എന്നിലേക്ക് കെ.എം.വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള നിലവിലെ കമ്മറ്റി തന്നെ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.