കാസർഗോട്ട്: എൻഡോസൾഫാൻ സെൽ യോഗത്തിൽ പ്രതിഷേധവുമായി ദുരിതബാധിതരായ കുട്ടികളും അമ്മമാരും. മന്ത്രി ഇ ചന്ദ്രശേഖരനുമായി രൂക്ഷമായ വാക്കേറ്റം നടത്തിയ പ്രതിഷേധക്കാരെ മാറ്റിയതിന് ശേഷമാണ് യോഗം തുടങ്ങാനായത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ പുതിയ പട്ടിക പുനർപരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

യോഗം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ദുരിതബാധിതരായ കുട്ടികളും അമ്മമാരും സ്ഥലത്തെത്തിയിരുന്നു. എൻഡോസൾഫാൻ സെൽ അധ്യക്ഷൻ കൂടിയായ മന്ത്രിക്ക് നേരിട്ട് നിവേദനം നൽകി പ്രതിഷേധിക്കാനായിരുന്നു തീരുമാനം. ദുരിതബാധിതരെ മാറ്റാതെ യോഗം തുടങ്ങാനാവില്ലെന്ന് മന്ത്രി നിലപാടെടുത്തതോടെ പ്രതിഷേധം കനത്തു.

പൊലീസെത്തി ഇവരെ മാറ്റിയതിന്ശേഷമാണ് യോഗം തുടങ്ങിയത്. പുറത്ത് പ്രതിഷേധം തുടർന്ന ഇവർ ഹാൾ ഉപരോധച്ചിതോടെ മന്ത്രി ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. കഴിഞ്ഞ വർഷം തയ്യാറാക്കിയ ദുരിതബാധിതരുടെ പട്ടികയിൽ ഇടം നേടാത്തവർക്കായി വീണ്ടും പരിശോധന നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

വിദഗ്ദർ തയ്യാറാക്കിയ പട്ടികയിൽ വീണ്ടും പരിശോധന നടത്തുന്നത് പരിഹാസ്യമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. മറ്റു വിഷയങ്ങളിൽ തീരുമാനമെടുക്കാതെ സർക്കാർ ഒളിച്ച് കളിക്കുകയാണെന്നും വിമർശനം. സമരപരിപാടികളുടെ ഭാവി യോഗം ചേർന്ന് തീരുമാനിക്കുമെന്നും എൻഡോസൾഫാൻ ഇരകൾ വ്യക്തമാക്കി.