മരങ്ങളെ ചേര്‍ത്തുപിടിക്കാന്‍... പ്രകൃതിക്കൊപ്പമെന്ന് പ്രഖ്യാപിക്കാന്‍ മൂവ്വായിരത്തോളം പേരാണ് ഒത്തുചേരുന്നത . വനദിനത്തില്‍ ഒറ്റമനസ്സോടെ പാലോട് എത്തുന്നവരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡില്‍ പുരോഗമിക്കുന്നത്. 30 ഏക്കര്‍ വനമേഖലയെ അന്‍പത് വീതം മരങ്ങള്‍ ഉള്‍പ്പെടുത്തിയ ബ്ലോക്കുകളായി തിരിക്കും. ഒരു നിശ്ചിത സമയത്ത് മരത്തെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നവരുടെ എണ്ണം കണക്കാക്കിയാണ് ലോക റെക്കോര്‍ഡ് കണക്കാക്കുന്നത്. വിദ്യാര്‍ത്ഥികളും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും അടക്കം വലിയൊരാള്‍ക്കൂട്ടത്തിന്റെ പങ്കാളിത്തമാണ് പ്രതീക്ഷ

പ്രകൃതി സംരക്ഷണ സന്ദേശം ഉള്‍ക്കൊള്ളുന്ന പരിപാടിക്ക് ഗവര്‍ണര്‍ പി സദാശിവം പൂര്‍ണ്ണ പന്തുണ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പരിപാടിയുടെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു. ഒരു മരമെങ്കിലും നട്ടുവളര്‍ത്താന്‍ ഒരോ വിദ്യാര്‍ത്ഥിയും തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരേസമയം 1316 പേര്‍ ഒരുമിനിറ്റ് മരത്തെ കെട്ടിപ്പിടിച്ച് നിന്നതാണ് നിലവിലെ ഗിന്നസ് റെക്കോര്‍ഡ്. ഗുജറാത്തിലെ മീഠാപൂരില്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച റെക്കോര്‍ഡ് മറികടക്കാനുള്ള തീവ്രശ്രമമാണ് എന്റെ മരം എന്റെ ജീവന്‍ പരിപാടിയിലൂടെ ഏഷ്യാനെറ്റ് ന്യൂസും ബൊട്ടാണിക്കല്‍ ഗാര്‍ഡനും കൈ കോര്‍ത്ത് നടത്തുന്നത്.