ദില്ലി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമത്വം നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നെന്ന ആരോപണങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടു സുപ്രീം കോടതി വിശദീകരണം തേടി. അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് മെഷീൻ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹർ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ക്രമക്കേട് നടത്താനാവുന്ന സാധ്യതകളെ കുറിച്ച് അന്വേഷിക്കണമെന്നും അത് തടയാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എൽ. ശർമ്മയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലുപയോഗിക്കുന്ന സോഫ്റ്റ്വെയറുകളുടെ ഗുണനിലവാരം, വൈറസുകൾ വോട്ടിംഗ് യന്ത്രത്തെ ബാധിക്കുമോ, യന്ത്രം ഹാക്ക് ചെയ്യപെടാൻ സാധ്യതയുണ്ടോ, ക്രമക്കേട് നടത്തുന്നതിനായി സോഫ്റ്റ്വെയറുകൾ സജ്ജമാക്കാനാകുമോ തുടങ്ങിയ കാര്യങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണം.
വോട്ടിംഗ് മെഷീൻ ഉപയോഗിക്കുന്നതിനൊപ്പം പേപ്പർ രസീതുകൾ നൽകുകയും അതു വോട്ടെണ്ണലിന്റെ ഭാഗമാക്കുകയും ചെയ്യണമെന്ന സുപ്രീം കോടതിയുടെ 2013ലെ ഉത്തരവ് നടപ്പിലാക്കിയതു സംബന്ധിച്ച വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
