സംഗീതത്തിലേക്കുളള യാത്രയുടെ തുടക്കം വീട്ടില്‍ നിന്ന് തന്നെയായിരുന്നു. സഹോദരനായ ഉസ്താദ് അലി അക്ബര്‍ ഖാനൊപ്പം പിതാവിന്‍റെ പാതയിലേക്ക് അന്നപൂര്‍ണ്ണയുമെത്തി. വൈകാതെ ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതലോകത്ത് താരമായി
മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതജ്ഞ അന്നപൂര്‍ണ്ണ ദേവി (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു അന്നപൂര്‍ണ്ണ ദേവി.
സംഗീത കുടുംബത്തില്‍ വളര്‍ന്ന് സംഗീതത്തില്‍ തന്നെ ജീവിച്ച അന്നപൂര്‍ണ്ണ- ഹിന്ദുസ്ഥാനി ക്ലാസിക്കലുകളെ പ്രണയിക്കുന്നവര്‍ക്ക് പ്രിയപ്പെട്ട 'മാ..' ആയിരുന്നു. സംഗീതജ്ഞനായിരുന്ന ഉസ്താദ് ബാബ അല്ലാവുദ്ദീന്‍ ഖാന്‍റെ മകളായി മധ്യപ്രദേശിലെ മയ്ഹാറില്‍ 1927ലായിരുന്നു അന്നപൂര്‍ണ്ണ ദേവിയുടെ ജനനം. സംഗീതത്തിലേക്കുളള യാത്രയുടെ തുടക്കം വീട്ടില്‍ നിന്ന് തന്നെയായിരുന്നു.
സഹോദരനായ ഉസ്താദ് അലി അക്ബര്‍ ഖാനൊപ്പം പിതാവിന്‍റെ പാതയിലേക്ക് അന്നപൂര്‍ണ്ണയുമെത്തി. വൈകാതെ ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതലോകത്ത് താരമായി. ജീവിതം സംഗീതമാക്കിയ പ്രതിഭയെ പിന്നീട്, രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
സിത്താര്‍ മാന്ത്രികനായ പണ്ഡിറ്റ് രവി ശങ്കറാണ് അന്നപൂര്‍ണ്ണയുടെ ആദ്യ ഭര്‍ത്താവ്. ശുഭേന്ദ്ര ശുഭു ശങ്കറാണ് മകന്‍. 1982ല്‍ അന്നപൂര്‍ണ്ണ വീണ്ടും വിവാഹിതയായി. മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍റായിരുന്ന രൂഷികുമാര്‍ പാണ്ഡ്യയെ ആയിരുന്നു രണ്ടാമത് വിവാഹം ചെയ്തത്.
പ്രശസ്ത സംഗീതജ്ഞരായ ആഷിഷ് ഖാൻ (സരോദ്), അമിത് ഭട്ടാചാര്യ (സരോദ്), ബഹാദൂര്‍ ഖാന്‍ (സരോദ്), ബസന്ത് കാബ്ര (സരോദ്), ഹരിപ്രസാദ് ചൗരസ്യ (ബാംസുരി), നിഖില്‍ ബാനര്‍ജി (സിത്താര്‍), സന്ധ്യ ഫാഡ്ഖെ (സിത്താര്‍) തുടങ്ങിയവര്‍ ശിഷ്യരാണ്.
