ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നാടോടി നൃത്തരൂപങ്ങള്‍, സംഗീതം, കാലിഗ്രാഫി പ്രദര്‍ശനം, ഭക്ഷ്യ മേള, ഫാഷന്‍ ഷോ എന്നിവയാണ് സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുക. അല്‍ ബുസ്താന്‍ പാലസ് ഹോട്ടലില്‍ അരങ്ങേറിയ ആദ്യ പരിപാടി ഒമാന്‍ വിദേശ കാര്യ മന്ത്രി യൂസഫ് ബിന്‍ അലവി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയയും സമ്പന്നമായ പൈതൃകത്തിന്റെയും കാഴ്ചകള്‍ ഒമാനിലെ സ്വദേശി സമൂഹത്തിന് പരിചയപെടുത്തുക എന്നതാണ് പരിപാടികൊണ്ട് ലക്ഷ്യമിടുന്നത്. ഉല്‍കൃഷ്ഠ മായ സംസ്‌കാരം ഉള്‍കൊള്ളുന്ന ഇന്ത്യയുടെ കലാരൂപങ്ങള്‍ ഒമാനില്‍ അവതരിപ്പിക്കുന്നതില്‍ മന്ത്രി യൂസഫ് ബിന്‍ അലവി സംതൃപ്തി രേഖപെടുത്തി .

കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ഹൃതാല്‍ ട്രൂപ് ആണ് കഴിഞ്ഞ ദിവസം ബാലെ ഡാന്‍സ് അവതരിപ്പിച്ചത്. നവംബര്‍ 21ന് ഇന്‍ഡോ ഇസ്ലാമിക് കലാരൂപങ്ങളുടെ പ്രദര്‍ശനം നടക്കും. ഡോ. സോമ ഘോഷ് അവതരിപ്പിക്കുന്ന ഇന്ത്യന്‍ ഉപകരണ സംഗീത പരിപാടി 2017 ജനുവരി 21നും, കശ്മീരില്‍ നിന്നുമുള്ള ഇന്ത്യന്‍ നാടോടി നൃത്ത, സംഗീത പരിപാടി ഫെബ്രുവരി 10നും അരങ്ങേറും. മാര്‍ച്ച് 17ന് ഫാഷന്‍ ഷോയും ഒപ്പം ഇന്ത്യന്‍ ഭക്ഷ്യ മേളയോടെ 'ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ ഇന്‍ ഒമാന്‍' സമാപിക്കും.