യൂറോപ്പും ലാറ്റിനമേരിക്കയും കാൽച്ചുവട്ടിലാക്കിയ ലോക മൈതാനങ്ങളിൽ വന്നുപോകാൻ മാത്രം വിധിക്കപ്പെട്ടു ഏഷ്യൻ ടീമുകൾ 2002 ല്‍ ദക്ഷിണ കൊറിയ സെമി കണ്ടത് എക്കാലത്തെയും മികച്ച റെക്കോർഡ്

മോസ്കോ: ആതിഥേയരുമായി സൗദി അറേബ്യ ഉദ്ഘാടനമത്സരം കളിക്കുമ്പോൾ ഏഷ്യ വൻകരയ്ക്കിത് ലോകകപ്പിലെ നൂറാം മത്സരമാണെന്ന പ്രത്യേകത കൂടിയുണ്ട്. പലപ്പോഴും പങ്കാളിത്തത്തിൽ മാത്രമൊതുങ്ങുന്ന ഏഷ്യൻ പ്രാതിനിധ്യത്തിന് തിരിഞ്ഞുനോക്കുമ്പോള്‍ നിരാശയാണുള്ളത്.

ഭൂമധ്യരേഖക്ക് അപ്പുറവും ഇപ്പുറവുമായി രണ്ടേ രണ്ട് വൻകരകൾ മാത്രമാണ് ഫുട്ബോളിനെന്ന് ചിലരെങ്കിലും പറയും. യൂറോപ്പും ലാറ്റിനമേരിക്കയും കാൽച്ചുവട്ടിലാക്കിയ ലോക മൈതാനങ്ങളിൽ വന്നുപോകാൻ മാത്രം വിധിക്കപ്പെട്ടു ഏഷ്യൻ ടീമുകൾ. ലോകകപ്പ് ഇരുപത്തിയൊന്നാം പതിപ്പിലെത്തുമ്പോൾ മാത്രം ഏഷ്യ നൂറ് മത്സരങ്ങൾ പൂർത്തിയാക്കുന്നു. ലൂഷിനിക്കി സ്റ്റേഡിയത്തിൽ ജൂൺ പതിനാലിന് വലിയ വൻകരയ്ക്ക് ചരിത്ര നിമിഷമാണ്.

എണ്ണിപ്പറയാൻ വലിയ നേട്ടങ്ങളില്ല.. ഓർത്തിരിക്കാവുന്ന എന്തെങ്കിലും നേടാൻ ആതിഥേയരായ 2002ലെ ലോകകപ്പ് വരെ കാത്തിരിക്കേണ്ടി വന്നു. ദക്ഷിണ കൊറിയ സെമി കണ്ടത് എക്കാലത്തെയും മികച്ച റെക്കോർഡ്. സ്പെയിനും പോർച്ചുഗലും ഇറ്റലിയും കൊറിയക്ക് മുന്നിൽ വീണു.സഹ ആതിഥേയരായ ജപ്പാൻ രണ്ടാം റൗണ്ടിലുമെത്തി. ബ്രസീലിന്‍റെ സുവർണതലമുറ കപ്പുയർത്തിയപ്പോളും 2002ലേതിന് ഏഷ്യയുടെ ലോകകപ്പ് എന്ന് പേരുവീണു.

ആദ്യമായി ഒരു ഏഷ്യൻ ടീം ലോകകപ്പ് കളിക്കുന്നത് 1938ലാണ്. ഇന്നത്തെ ഇന്തോനേഷ്യ അന്ന് ഡച്ച് ഈസ്റ്റ് ഇൻഡീസായി കളത്തിലിറങ്ങിയെങ്കിലും ആദ്യ റൗണ്ടിൽ പുറത്തായി. ആദ്യ കടമ്പ കടക്കാൻ 1966ൽ വടക്കൻ കൊറിയ വരേണ്ടി വന്നു. ഇറ്റലിയെ വരെ കൊറിയ തോൽപ്പിച്ച ഇംഗ്ലണ്ട് ലോകക്പിൽ ചരിത്രം പിറന്നു. യൂറോപ്പിലും അമേരിക്കൻ വൻകരകളിലുമില്ലാത്ത ഒരു ടീം ലോകകപ്പിന്‍റെ ക്വാർട്ടറിലെത്തി.

ഏഷ്യയുടെ ഗ്രാഫ് പിന്നെയും താഴോട്ടായി. സൗദിയും ഇറാനും കുവൈത്തും ചൈനയും മുഖം കാണിച്ച് മടങ്ങി. 2002വരെ രണ്ടാം റൗണ്ടിനപ്പുറം കടക്കാന്‍ ആര്‍ക്കുമായില്ല. ദക്ഷിണ കൊറിയയയുടെ നേട്ടത്തിന് ശേഷം ആദ്യ എട്ടിലെത്താന്‍ ഒരു ഏഷ്യൻ ടീമിനുമായിട്ടില്ല. റഷ്യയിൽ കറുത്ത കുതിരകളുടെ കൂട്ടത്തിൽപ്പോലും ഒരു ഏഷ്യൻ ടീമിനെ പരിഗണിക്കുന്നവരില്ല. നൂറ് മത്സരം തികച്ചെന്ന റെക്കോർഡിൽ ഒരു പക്ഷേ ഏഷ്യ റഷ്യയിൽ നിന്ന് മടങ്ങും. അതല്ലെങ്കിൽ യൂറോപ്പിന് അതിരിടുന്ന യുറാൽ മലകൾക്കിപ്പുറം വീണ്ടും അത്ഭുതങ്ങളുണ്ടാകും.