പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സുനിത മത്സരിക്കുന്നത് മുന്‍ സര്‍ക്കാരുകളോടുള്ള പ്രതിഷേധമായാണ് മത്സരമെന്ന് സുനിത

കറാച്ചി: പാക്കിസ്ഥാന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കൊണ്ട് ആദ്യ ഹിന്ദു സ്ഥാനാര്‍ത്ഥിയായി സുനിത പാര്‍മര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ആദ്യമായാണ് ഒരു സ്ഥാനാര്‍ത്ഥിയുണ്ടാകുന്നത്. 

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യക്കാരിയായ സുനിത സിന്ധ് മണ്ഡലത്തില്‍ നിന്ന് തന്നെയാണ് മത്സരിക്കുന്നത്. പാക്കിസ്ഥാനില്‍ ഏറ്റവുമധികം ഹിന്ദുക്കള്‍ താമസിക്കുന്ന പ്രദേശവും ആ മണ്ഡലത്തിന് കീഴിലാണ്. ജൂലൈ 25ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ആവശ്യമായ തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍ മുപ്പത്തിയൊന്നുകാരിയായ സുനിത. 

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സുനിത മത്സരിക്കുന്നത്. സര്‍ക്കാരിനോടുള്ള പ്രതിഷേധസൂചകമായാണ് താന്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് സുനിത അറിയിച്ചു. 

'ഇതുവരെ വന്ന സര്‍ക്കാരുകള്‍ എന്റെ നാടിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീകള്‍ക്ക് പ്രാഥമികമായ ആരോഗ്യ പരിരക്ഷയോ കൃത്യമായ വിദ്യാഭ്യാസ സൗകര്യങ്ങളോ ഇവിടെ ലഭ്യമല്ല. ഇത്തരത്തില്‍ കൂടുതല്‍ മോശപ്പെട്ട അവസ്ഥയിലേക്ക് സ്ത്രീകളെത്തുന്ന സാഹചര്യത്തില്‍ ഞാന്‍ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.'- സുനിത പറയുന്നു. 

സ്ത്രീകള്‍ക്കുള്ള വിദ്യാഭ്യാസവും ആരോഗ്യ സുരക്ഷയും തന്നെയാണ് താന്‍ പ്രധാനമായും ഉന്നമിടുന്നതെന്നും സുനിത മാധ്യമങ്ങളോട് പറഞ്ഞു.