കഴിഞ്ഞ മാസം 21ന് പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആശുപത്രിയിലെത്തിയ ലിഗയെ ഇവിടെ നിന്ന് മാര്‍ച്ച് 14ന് കാണാതാവുകയായിരുന്നു

തിരുവനന്തപുരം: അയര്‍ലന്റില്‍ നിന്നും ആയൂര്‍വേദ ചികിത്സക്കായി കേരളത്തിലെത്തിയ ലിഗ സ്‍ക്രോമേന്‍ എന്ന യുവതിയെ അന്വേഷിച്ച് അലയുകയാണ് ഭര്‍ത്താവും സഹോദരിയും. കഴിഞ്ഞ മാസം 21ന് പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആശുപത്രിയിലെത്തിയ ലിഗയെ ഇവിടെ നിന്ന് മാര്‍ച്ച് 14ന് കാണാതാവുകയായിരുന്നു. പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും അഞ്ച് ദിവസം പിന്നിടുമ്പോഴും കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. സഹോദരിയുടെ ചിത്രവുമായി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിക്കുകയാണ് ഇല്‍സിയും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രുവും.

ലാത്വിയന്‍ പൗരത്വമുള്ള ലിഗയും കുടുംബവും അഞ്ച് വര്‍ഷമായി അയര്‍ലന്റിലാണ് താമസിച്ചുവരുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദരോഗവും പിടിപെട്ടതോടെയാണ് ആയൂര്‍വേദ ചികിത്സക്കായി സഹോദരി ഇല്‍സിക്കൊപ്പം ഫെബ്രുവരി മൂന്നിന് കേരളത്തിലെത്തിയത്. അമൃതാനന്ദമയി ഭക്തരായ ഇരുവരും ആലപ്പുഴയില്‍ ഒരു ദിവസം ചിലവഴിച്ച ശേഷം കൊല്ലം വള്ളിക്കാവിലുള്ള അമൃതപുരി ആശ്രമത്തിലെത്തി. യൂറോപ്പില്‍ വെച്ച് അമൃതാനന്ദമയിയെ സന്ദര്‍ശിച്ചിട്ടുള്ള ലിഗ കുറച്ചുദിവസം ആശ്രമത്തില്‍ തങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ രാത്രിയില്‍ ആശ്രമത്തിലെ ബഹളം ഉറക്കം നഷ്‌ടപ്പെടുത്താന്‍ തുടങ്ങിയതോടെ അവിടെ നിന്ന് വര്‍ക്കലയിലേക്ക് പോയി. കുറച്ചുദിവസം അവിടെ താമസിച്ച ശേഷം ഫെബ്രുവരി 21ന് പോത്തന്‍കോടുള്ള ഒരു സ്വകാര്യ ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തിലെത്തി ചികിത്സ ആരംഭിച്ചു. 

ചികിത്സയില്‍ അസുഖം ഭേദപ്പെട്ടുവരുന്നതിനിടെയാണ് മാര്‍ച്ച് 14ന് ലിഗയെ കാണാതാകുന്നത്. ശാരീരിക അവശതകള്‍ കാരണം രാവിലത്തെ യോഗ പരിശീലനത്തില്‍ പങ്കെടുക്കാതെ ലിഗ മുറിയില്‍ തന്നെ കഴിയുകയായിരുന്നു. യോഗ കഴിഞ്ഞ് രാവിലെ 7.45ഓടെ സഹോദരി മുറിയിലെത്തിയപ്പോള്‍ ലിഗയെ കാണാനില്ലായിരുന്നു. ആദ്യം ആശുപത്രിയുടെ പരിസരത്തും പിന്നീട് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ സമീപ പ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ പോത്തന്‍കോട് നിന്നും ഓട്ടോറിക്ഷയില്‍ കയറി പോകുന്നത് കണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഓട്ടം പോയ ഡ്രൈവറെ കണ്ടെത്തി. രാവിലെ 8.30ഓടെ ഓട്ടോയില്‍ കയറിയ യുവതി തനിക്ക് ഏതെങ്കിലും ബീച്ചില്‍ പോകണമെന്ന് പറഞ്ഞുവെന്നും ഇതനുസരിച്ച് കോവളത്ത് കൊണ്ടുവിട്ടുവെന്നും ഡ്രൈവര്‍ അറിയിച്ചു. 750 രൂപയാണ് ഓട്ടോക്കൂലി എന്ന് അറിയിച്ചപ്പോള്‍ 800 രൂപ നല്‍കി അവിടെ ഇറങ്ങിപ്പോവുകയായിരുന്നു. മുറിയിലുണ്ടായിരുന്ന പേഴ്‌സ് പരിശോധിച്ചപ്പോള്‍ 2000 രൂപ മാത്രമേ ലിഗ കൊണ്ടുപോയിട്ടുള്ളൂ എന്നും മനസിലായി. ബാഗും പാസ്‍പോര്‍ട്ടും മറ്റ് സാധനങ്ങളും മുറിയില്‍ തന്നെയുണ്ടായിരുന്നു. 

തുടര്‍ന്ന് കോവളം ബീച്ചില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഒരാള്‍ മാത്രമാണ് ഇവിടെ ലിഗയെ കണ്ടതായി പറഞ്ഞത്. നാട്ടുകാരുടെ സഹായത്തോടെ കോവളത്തും പരിസരത്തും ചിത്രം സഹിതം പോസ്റ്ററുകള്‍ പതിച്ചെങ്കിലും കാര്യമുണ്ടായില്ല. പരിസരത്തെ മറ്റ് ബീച്ചുകളിലും ഓട്ടോറിക്ഷാ സ്റ്റാന്റുകളിലും അന്വേഷിച്ചു. കോവളം പൊലീസ് സ്റ്റേഷനില്‍ സമീപിച്ചപ്പോള്‍ പോത്തന്‍കോട് സ്റ്റേഷനില്‍ പരാതി നല്‍കാനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കി. ഓട്ടോ ഡ്രൈവറുടെ മൊഴിയെടുത്തതല്ലാതെ അന്വേഷണം മുന്നോട്ട് നീങ്ങിയിട്ടില്ല. വിവിധ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തുന്നതിനിടെ മാര്‍ച്ച് 16ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയും പരാതിപ്പെട്ടു. ഇവിടെ നിന്ന് നിര്‍ദ്ദേശിച്ചത് അനുസരിച്ച് സിറ്റി പൊലീസ് കമ്മീഷണറെ നേരിട്ട് കണ്ടും പരാതി ബോധിപ്പിച്ചു. അന്വേഷണം നടക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ കണ്ടെത്താന്‍ കഴിയുമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. മാധ്യമങ്ങളുടെ സഹായം തേടി പിറ്റേദിവസം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനവും നടത്തി.

ഇതിനിടെ എമര്‍ജന്‍സി വിസയില്‍ ലിഗയുടെ ഭര്‍ത്താവും അയര്‍ലന്റില്‍ നിന്ന് തിരുവനന്തപുരത്തെത്തി. സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിവിധയിടങ്ങളിലും ലിഗയുടെ ചിത്രവുമായി അലയുകയാണിപ്പോള്‍. പോസ്റ്ററുകള്‍ പതിച്ചും കാണുന്നവരോടൊക്കെ വിവരം ചോദിച്ചുമാണ് ഇവര്‍ രാവും പകലും തള്ളിനീക്കുന്നത്. പൊലീസ് അന്വേഷണം കാര്യക്ഷമല്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയോ പോകാന്‍ സാധ്യതയുള്ള ആശ്രമങ്ങളിലും ബീച്ചുകളിലുമൊന്നും പരിശോധന നടത്തുകയോ ചെയ്യുന്നില്ലെന്നും ഇന്‍സി പറയുന്നു. കൊല്ലത്ത് വെച്ച് ലിഗയെ കണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോത്തന്‍കോട് പൊലീസ് തിങ്കളാഴ്ച അമൃതാനന്ദമയി ആശ്രമത്തിലടക്കം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇനിയങ്ങോട്ട് എന്ത് ചെയ്യുമെന്നറിയാതെ അന്യനാട്ടില്‍ തീര്‍ത്തും ഒറ്റപ്പെട്ട സ്ഥിതിയിലാണ് ഇവരിപ്പോള്‍. ലിഗയുടെ ചിത്രം സോഷ്യല്‍ മീഡിയയിലോ മറ്റോ കാണുന്ന മലയാളികള്‍ ആരെങ്കിലും അവളെ തിരിച്ചറിയുമെന്നുമുള്ള പ്രതീക്ഷ മാത്രമാണ് ഇപ്പോഴുള്ളത്.

ചിത്രത്തിലുള്ള സ്‌ത്രീയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അക്കാര്യം താഴെ കാണുന്ന നമ്പറുകളില്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

0471 2716100
9497930442
(പോത്തന്‍കോട് പൊലീസ് സ്റ്റേഷന്‍)
E-mail: skromane@yahoo.com


Detailed info
Name: ​​​​Liga Skromane
Nationality: ​​​Republic of Latvia
Permanent residency: ​​Republic of Ireland, Dublin city
Age: ​​​​33
Height: ​​​170cm