അബുദാബി: യു.എ.ഇയിലെ വിവിധ കടകളില്‍ കയറി ചങ്ങാത്തം സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്ന സംഘം വിലസുന്നു. കഴിഞ്ഞ ദിവസം യുവാവിന്റെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് ഒരാള്‍ പിടിയിലായി. പാക്കിസ്ഥാന്‍ സ്വദേശിയാണ് പിടിയിലായത്. കടകളില്‍ കയറി വന്ന് കുടിക്കാന്‍ വെള്ളം ചോദിക്കുകയാണ് തട്ടിപ്പുകാരന്‍ ആദ്യം ചെയ്യുക. പിന്നീട് കടക്കാരുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ ശ്രമിക്കും. കഴിഞ്ഞ ദിവസം ദേര ദുബായിലെ സൂഖില്‍ മലയാളിയായ നവാസിനെയും സംഘം കബളിപ്പിക്കാന്‍ ശ്രമിച്ചു. 

കടയിലെത്തി അടുപ്പം സ്ഥാപിച്ചാണ് തട്ടിപ്പ്. പഴ്‌സ് കൈയില്‍ കൊടുത്താല്‍ പിന്നെ തന്ത്രത്തില്‍ പൈസ അടിച്ചു മാറ്റുകയാണ് ചെയ്യുക. ഒരു പാക്കിസ്ഥാന്‍ സ്വദേശിയാണ് തട്ടിപ്പ് നടത്താനായി എത്തിയത്. തന്റെ സുഹൃത്തുക്കള്‍ക്ക് ഇതിന് മുമ്പ് ഇത്തരം തട്ടിപ്പ് അനുഭവം ഉണ്ടായത് കൊണ്ടാണ് നവാസ് ചതിയില്‍ കുടുങ്ങാതെ രക്ഷപ്പെട്ടത്. ഒടുവില്‍ തട്ടിപ്പുകാരന്‍ പോലിസ് പിടിയിലായി.

നേരത്തെയും നൈഫ് സൂഖിലെ വിവിധ കടകളില്‍ സമാനമായ തട്ടിപ്പ് അരങ്ങേറിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും തട്ടിപ്പ് സംഘം സജീവമായിരിക്കുകയാണ്. പാക്കിസ്ഥാനില്‍ നിന്ന് വിസിറ്റ് വിസയിലാണ് പോലീസ് പിടിയിലായ ആള്‍ എത്തിയിരിക്കുന്നത്. ഒരു വലിയ സംഘത്തിലെ കണ്ണി മാത്രമാണ് ഇയാള്‍ എന്നാണ് പോലീസ് നിഗമനം. അധികൃതര്‍ അന്വേഷണം തുടരുകയാണ്.