ശരീരം ആറ് കഷ്ണങ്ങളാക്കി പെട്ടികളിലാക്കി ഉപേക്ഷിച്ചു സംഭവം സൗത്ത് ദില്ലിയിൽ
ദില്ലി: ഏകദേശം ഇരുപത് വയസ്സ് തോന്നിക്കുന്ന യുവതിയുടെ ശരീരഭാഗങ്ങൾ മുറിച്ച് മാറ്റി പെട്ടികളിലും കാർട്ടനുകളിലുമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്ലാസ്റ്റിക് ബാഗുകളിലും കാർട്ടനുകളിലുമായിട്ടാണ് ശരീരഭാഗങ്ങൾ ഉപേക്ഷിച്ചിരിക്കുന്നത്. സൗത്ത് ദില്ലിയിലെ ഹാസ കോളനിയിലെ ജസോള വിഹാറിലാണ് സംഭവം. മൃതദേഹം ആറ് ഭാഗങ്ങളായി വെട്ടിമാറ്റിയിട്ടുണ്ട്. മാത്രമല്ല മുഖം തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ പരിക്കേൽപിക്കുകയും ചെയ്തിരിക്കുന്നു. തല പെട്ടിക്കുള്ളിലും കാൽ, കൈ എന്നിവ പ്ലാസ്റ്റിക് ബാഗുകളിലുമായിട്ടാണ് അടക്കം ചെയ്തിരിക്കുന്നത്. മൃതദേഹത്തിന് ഒരു ദിവസം പഴക്കമുണ്ട്. ബോഡി ആരുടേതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്ന അടയാളങ്ങളൊന്നും കാണുന്നില്ല എന്ന് പൊലീസ് പറയുന്നു.
യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടാകാം എന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് പറയുന്നു. അന്വേഷണം വഴിതറ്റിക്കാനും തെളിവ് നശിപ്പിക്കാനും വേണ്ടിയാകാം മൃതദേഹം മുറിച്ചു കഷ്ണങ്ങളാക്കിത്. യുവതിയുടെ മുഖത്ത് അരിമണികൾ പറ്റിപ്പിടിച്ചിട്ടുണ്ട് എന്നതാണ് മൃതദേഹത്തിൽ നിന്ന് പൊലീസിന് ലഭിച്ച ഏക അടയാളം. വ്യാഴാഴ്ച രാവിലെയാണ് സമീപവാസികൾ കാർട്ടനുകൾ കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് തുറന്നു നോക്കുകയായിരുന്നു. ചുവപ്പും പച്ചയും നിറമുള്ള സാൽവാറാണ് യുവതി ധരിച്ചിരുന്നതെന്ന് മൃതദേഹത്തിൽ നിന്ന് കണ്ടെത്തി.
ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയിരിക്കുന്നത്. എന്നാൽ ഈ ആയുധം പരിസരത്ത് നിന്നും കണ്ടെടുത്തിട്ടില്ല. സരിത വിഹാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദില്ലി ഗവൺമെന്റ് ഹോസ്പിറ്റൽ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ ആഴ്ച ദില്ലിയിൽ നിന്നും കാണാതായ യുവതികളുടെ ലിസ്റ്റ് തയ്യാറാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
