കശ്മീരിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്: കശ്മീരിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില് നാല് തീവ്രവാദികള് കൊല്ലപ്പെട്ടു. ജമ്മു കശ്മീരില് ഇസ്ലാമിക് സ്റ്റേറ്റിന് നേതൃത്വം നല്കുന്ന ദാവൂദ് ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ശ്രിഗുഫ്വാരയില് നടന്ന വെടിവെപ്പില് ഒരു പൊലീസുകാരനും സിവിലിയനും കൊല്ലപ്പെട്ടു. സംഭവത്തില് മൂന്ന് സിവിലിയന്മാര്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തെക്കന് കശ്മീര് ശ്രിഗുഫ്വാരയിലെ ഖിറാമില് തീവ്രവാദികള് എത്തിയതായി രഹസ്യവിവരത്തെ തുടര്ന്നാണ് സുരക്ഷ സേന തെരച്ചില് നടത്തിയതെന്ന് ഡി.ജി.പി എസ്.പി. വെയ്ദ് അറിയിച്ചു.
തീവ്രവാദികള് വെടിവെച്ചതിനെ തുടർന്നാണ് തിരിച്ചടിച്ചത്. സുരക്ഷ സേനക്ക് നേരെ പ്രദേശത്തെ ഒരു സംഘം യുവാക്കള് കല്ലേറു നടത്തി. ഇവരെ പിരിച്ചയക്കാന് സുരക്ഷ സേന ബലം പ്രയോഗിച്ചതിനെ തുടര്ന്ന് നിരവധി പേര്ക്ക് പരിക്കേറ്റൂ. സംഘര്ഷം തുടരുന്ന സാഹചര്യത്തില്, മുന്കരുതലെന്ന നിലയില് ശ്രീനഗര്, അനന്ത്നാഗ്, പുല്വാമ ജില്ലകളിലെ ഇന്റനെറ്റ് സര്വീസുകള് റദ്ദാക്കിയതായി പൊലിസ് അറിയിച്ചു.
