പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിനടുത്ത് വെച്ച് വിനോദ സഞ്ചാരികള്‍ക്ക് മര്‍ദ്ദനമേറ്റെന്ന് പരാതി. പുറത്തുനിന്ന് ദൃശ്യങ്ങള്‍ എടുത്തെന്ന സംശയത്തിലാണ് മര്‍ദ്ദനം. നാല് യുവാക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍. അതേസമയം പാര്‍ക്ക് അടച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു സംഭവമെന്നും തങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി.
കോഴിക്കോട് വെസ്റ്റ് കൊടിയത്തൂര്‍ സ്വദേശികളായ ഷെറിന്‍, ഷാനു ജസീം, അല്‍താഫ്, ഷഹദ് എന്നീ യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പി.വി.ആര്‍ പാര്‍ക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന സംശയത്തിലാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ഇവര്‍ പറഞ്ഞു. പോലീസ് റോഡില്‍ മുട്ടുകുത്തിച്ച് നിര്‍ത്തിയെന്നും നാട്ടുകാര്‍ പോലീസിന്റെ സാനിധ്യത്തില്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും യുവാക്കള്‍ പരാതിപ്പെട്ടു. നാല് പേരും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാനു ജസീം എന്ന യുവാവിന്റെ മൂക്കിലെ എല്ലിന് പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
എന്നാല്‍ പാര്‍ക്ക് അടച്ച് മണിക്കൂറുകള്‍ക്ക് ശേഷം നടന്ന സംഭവമാണിതെന്നും തങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി. പൊലീസ് മുട്ടുകുത്തിച്ച് നിര്‍ത്തിയ സംഭവം അറിയില്ലെന്ന് തിരുവമ്പാടി പോലീസും വിശദീകരിച്ചു.
