വീഡിയോ ഗെയിം കളിക്കാന്‍ സമ്മതിക്കാത്തതിന്‍റെ പേരില്‍ ചേച്ചിയെ കൊലപ്പെടുത്തി ഒന്‍പതുവയസുകാരന്‍

മിസിസിപ്പി: വീഡിയോ ഗെയിം കളിക്കാന്‍ സമ്മതിക്കാത്തതിന്‍റെ പേരില്‍ ചേച്ചിയെ കൊലപ്പെടുത്തി ഒന്‍പതുവയസുകാരന്‍. അമേരിക്കയിലെ മിസിസിപ്പിയിലെ മണ്‍റോ കൗണ്ടിയിലാണ് സംഭവം അരങ്ങേറിയത്. 13 കാരിയായ ചേച്ചിയുടെ തലയ്ക്ക് പിന്നിലാണ് ഒന്‍പതുവയസുകാരന്‍ വെടിവച്ചത്. പെണ്‍കുട്ടി ഇതോടെ തലച്ചോറ് തകര്‍ന്ന് കൊല്ലപ്പെട്ടു.

വീഡിയോ ഗെയിം കണ്‍ട്രോളര്‍ സംബന്ധിച്ച തര്‍ക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കുട്ടികള്‍ ഗെയിമിന്‍റെ പേരില്‍ തമ്മില്‍ തല്ലുമ്പോള്‍ അമ്മ അടുക്കളയില്‍ ആയിരുന്നു. പോയിന്റ് 25 കാലിബര്‍ തോക്ക് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. കിടയ്ക്ക് അടുത്ത് പിതാവ് വച്ച തോക്ക് എടുത്താണ് കുട്ടി ചേച്ചിയെ വെടിവച്ചത്. 

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വീഡിയോ ഗെയിം കളിക്കുന്ന പ്രായത്തില്‍ ഒരു കൊച്ചു കുട്ടി ചെയ്ത ഈ കൃത്യത്തില്‍ എന്തു കുറ്റം ചുമത്തണമെന്ന് ആലോചിക്കുകയാണ് പോലീസ്. എങ്ങിനെയാണ് കുട്ടിയുടെ കയ്യില്‍ തോക്ക് കിട്ടിയതെന്നും കുട്ടിക്ക് ഇതിന്റെ അപകടസാധ്യതയെ കുറിച്ച് ബോധമുണ്ടായിരുന്നോ എന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. 

അതേസമയം അമേരിക്കയില്‍ ഇത്തരം സംഭവങ്ങള്‍ വ്യാപകമായി മാറിയതോടെ തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട വന്‍ ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയിരിക്കുകയാണ്.