ഉത്തര്‍പ്രദേശ്: ഓക്‌സിജന്റെ കുറവുകൊണ്ടല്ല, ആരോഗ്യകാരണങ്ങളാലാണ് ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ മരിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍. ഓക്‌സിജന്‍ എത്തിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ സംസ്ഥാനസര്‍ക്കാരിന് നല്‍കിയ കത്ത് പുറത്ത് വന്നു. മന്ത്രിമാരെ വിളിച്ച് വരുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി . ആശുപത്രിയില്‍ ആറു ദിവസത്തിനിടെ മരിച്ച രോഗികളുടെ എണ്ണം 63 ആയി.
മസ്തിഷ്‌ക വിക്കത്തിന് ചികിത്സ തേടിയ കുട്ടികള്‍ മരിച്ചത് ഓക്‌സിജന്റെ കുറവുകൊണ്ടല്ല, ആരോഗ്യകാരണങ്ങളാലാണെന്നായിരുന്നു യുപി മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി അശുതോഷ് താണ്ഡന്റെ പ്രതികരണം. എന്നാല്‍ ഓക്‌സിജനില്ലെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രി അധികൃകര്‍ ഈ മാസം മൂന്നിനും പത്തിനും സര്‍ക്കാരിനയച്ച കത്ത് പുറത്തുവന്നതോടെ മന്ത്രിയുടെ വാദം പൊളിഞ്ഞു.
ഓക്‌സിജന്‍ വിതരണത്തിനുള്ള 66 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വിതരണം നിര്‍ത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ഓക്‌സിജന്‍ വിതരണ കന്പനിയുടെ വിശദീകരണം. സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായതോടെ ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ്‌നാഥ് സിംഗ് മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി അശുതോഷ് ടാണ്ഡന്‍ എന്നിവരെ വിളിച്ചുവരുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിനും ഉത്തരവാദികള്‍ക്കെതിരെ നടപടിക്കും നിര്‍ദ്ദേശം നല്‍കി.
ജില്ല കളക്ടറുടെ അന്വേഷണവും തുടരുകയാണ്. ആശുപത്രിയില്‍ മരുന്നും ഭക്ഷണവും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണെന്നാണ് രോഗികളുടെ ബന്ധുക്കളുടെ പരാതി. ഇന്ന് പുലര്‍ച്ചെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചതോടെ ആറു ദിവസത്തിനിടെ ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മരിച്ചവരുടെ എണ്ണം 63 ആഐയി. മൂന്ന് ദിവസത്തിനിടെ മരിച്ചത് 33 കുട്ടികള്‍. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ 150 സിലിണ്ടര്‍ ഓക്‌സിജന്‍ അയല്‍ ജില്ലയില്‍ നിന്ന് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.
