ദേശീയ ഗാനം കേന്ദ്ര സർക്കാർ ആംഗ്യ ഭാഷയില്‍ പുറത്തിറക്കി. കേന്ദ്ര മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെയാണ് ഇന്ന് വീഡിയോ പുറത്തിറക്കിയത്. ഭിന്നശേഷിയുള്ളവരെ സംബോധന ചെയ്യാൻവേണ്ടിയാണിത്. ആംഗ്യഭാഷയെ ആശ്രയിക്കുന്നവർക്കായി ഇങ്ങനെയൊരു വീഡിയോ പുറത്തിറക്കാൻ സാധിച്ചത് അഭിമാന നിമിഷമാണെന്ന് മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാരുടെ അതിജീവനം കൂടുതൽ സാധ്യമാക്കുന്നതാണ് ഇൗ ശ്രമമെന്ന് മന്ത്രി പറഞ്ഞു. ഡൽഹിയിൽ ചെങ്കോട്ടയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച 3.35 മിനിറ്റുളള വീഡിയോയിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചനും അഭിനയിച്ചിട്ടുണ്ട്. ഗോവിന്ദ് നിഹലാനിയാണ് വീഡിയോ സംവിധാനം ചെയ്തത്. ഡൽഹിക്ക് പുറമെ ഗോവ, ഭോപ്പാൽ, ചാണ്ഡിഗഢ്, കോലാപ്പൂർ എന്നിവിടങ്ങളിലും ആംഗ്യഭാഷയിലുള്ള ദേശീയഗാനം പുറത്തിറക്കി.
