തിരുവനന്തപുരം: സ്വാശ്രയ ദന്തൽ പ്രവേശനത്തിൽ ഏകീകൃതഫീസ് എന്ന നിലപാടിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോയി. ദന്തൽ മാനേജ്മെനറുകളുമായുണ്ടാക്കിയ ധാരണയിൽ നിന്നും സർക്കാർ പിന്മാറി. മെറിറ്റ് സീറ്റിൽ മുൻ വർഷത്തെ ഫീസ് തുടരും. അതിനിടെ മെഡിക്കലിൽ മുഴുവൻ സീറ്റും ഏറ്റെടുത്ത സർക്കാർ ഉത്തരവിനെതിരെ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചു.

വ്യാപക പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ നിലപാട് തിരുത്തിയത്. പ്രവേശനാധികാരം ഏറ്റെടുക്കുന്നതിന് പകരമായാണ് ഏകീകൃതഫീസ് എന്ന് ദന്തൽ മാനേജ്മെന്റുകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചത്. ദന്തലിൽ മുഴുവൻ സീറ്റിലും നാലുലക്ഷം രൂപ ഫീസ് എന്ന ധാരണയിൽ നിന്നാണ് സർക്കാർ പിന്മാറിയത്. പ്രത്യേക സാഹചര്യത്തിലാണ് ധാരണ ഉണ്ടാക്കേണ്ടിവന്നതെന്ന് ആരോഗ്യമന്ത്രി വാർത്താകുറിപ്പിൽ വിശദീകരിച്ചു.

ദന്തലിൽ മെറിറ്റിൽ മുൻവർഷത്തെ ഫീസ് തുടരും. മാനേജ്മെന്റ് ക്വാട്ടാ ഫീസ് ചർച്ചകൾക്ക് ശേഷം തീരുമാനിക്കും. ഏകീകൃതഫീസെന്ന ധാരണയെ പ്രതിപക്ഷവും എസ്എഫ്ഐയും വിമർശിച്ചിരുന്നു.
മുഴുവൻ സീറ്റിലേക്കും സർക്കാർ തന്നെ പ്രവേശനം നടത്തും. ദന്തൽ മാനേജ്മെന്റുകൾ ഇത് അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. ദന്തൽ മാതൃകയിൽ മെഡിക്കലിലും ഏകീകൃതഫീസ് ഇനി നടപ്പാക്കുമോ എന്നും വ്യക്തമല്ല. എന്നാൽ കൃസ്ത്യൻ മെഡിക്കൽ കോളേജുകളിൽ നാലുലക്ഷത്തി നാല്പതിനായിരം രൂപ ഏകീകൃതഫീസ് നിശ്ചയിച്ച് ഉത്തരവിറക്കി.

മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷന് കീഴിലെ കോളേജിലെ ഫീസിൽ തീരുമാനമായില്ല. അതിനിടെ പ്രവേശന മേൽനോട്ടം ഏറ്റെടുത്ത സർക്കാർ നടപടിയെ മാനേജ്മെന്റുകൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. കേസ് വ്യാഴാഴ്ച പരിഗണിക്കും.