തിരുവനന്തപുരം: സര്‍ക്കാര്‍ വിദ്യാലയങ്ങളെ അവഗണിക്കുന്നവര്‍ ചരിത്രത്തെക്കൂടിയാണ് അവഗണിക്കുന്നതെന്നു ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. പൊതു വിദ്യാലയങ്ങളെ നിലനിര്‍ത്തുന്ന കാര്യത്തില്‍ സമൂഹത്തിനും ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര ചക്കുവരയ്ക്കല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ ശദാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

വിദ്യാഭ്യാസം ചെലവേറിയതും സാധാരണക്കാര്‍ക്ക് അപ്രാപ്യവുമായ ഈ കാലഘട്ടത്തില്‍, പൊതു വിദ്യാലയങ്ങള്‍ നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നു ഗവര്‍ണര്‍ പറഞ്ഞു.

പൊതു വിദ്യാലയങ്ങളെ അവഗണിക്കുന്നവര്‍ ചരിത്രത്തെക്കൂടിയാണ് അവഗണിക്കുന്നത്. സാധാരണക്കാരന് ധൈര്യവും നിശ്ചയദാര്‍ഢ്യവും നല്‍കിയതു പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികളാണ്. കേരളത്തിലുള്‍പ്പെടെ സര്‍ക്കാരുകള്‍ പൊതു വിദ്യാലയങ്ങളെ അവഗണിച്ചപ്പോള്‍ വിദ്യാഭ്യാസ നിലവാരത്തിലും നമ്മള്‍ താഴേക്ക് പോയെന്നും ഗവര്‍ണര്‍ പറഞ്ഞു.

ചക്കുവരയ്ക്കല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിനെ ഹയര്‍സെക്കണ്ടറി ആയി ഉയര്‍ത്താന്‍ വിദ്യാഭ്യാസമന്ത്രിയോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളിനു കമ്പ്യൂട്ടര്‍ ലാബും സ്മാ!ട്ട് ക്ലാസ് റൂമും നിര്‍മ്മിച്ചു നല്‍കുമെന്ന് സ്ഥലം എംപി കൊടിക്കുന്നില്‍ സുരേഷും ഒന്നരക്കോടി രൂപ ചെലവില്‍ ഇരുനില കെട്ടിടം സ്‌കൂളിനു പണിതു നല്‍കുമെന്നു പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ്‌കുമാറും അറിയിച്ചു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്കാണു ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം തുടക്കം കുറിച്ചത്.