അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച വിഷയമാണ് ഇപ്പോള്‍ രാജ്യമെങ്ങും ചര്‍ച്ചാ വിഷയം. കള്ളപ്പണത്തിനെതിരായ നടപടി എന്ന നിലയില്‍ ഇതിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. അതേസമയം വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെയാണ് ഇത് നടപ്പാക്കിയതെന്ന വിമര്‍ശനവും വലിയതോതില്‍ ഉയരുന്നുണ്ട്. ഏതായാലും, ഈ സമയം ഇന്റര്‍നെറ്റില്‍ സെര്‍ച്ച് അതികായരായ ഗൂഗിളില്‍ ഏറ്റവുമധികം തെരയപ്പെട്ട വിഷയം- കള്ളപ്പണം എങ്ങനെ വെളുപ്പിക്കാം എന്നതിനെക്കുറിച്ചാണ്. 'ഹൗ ടു കണ്‍വെര്‍ട്ട് ബ്ലാക്ക് മണി ഇന്റു വൈറ്റ് മണി' എന്ന സെര്‍ച്ചാണ് ഇപ്പോള്‍ ഗൂഗിളില്‍ ട്രെന്‍ഡ് ആയി നില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഈ വിഷയം തെരഞ്ഞതെന്നാണ് ഗൂഗിള്‍ തന്നെ വ്യക്തമാക്കുന്നത്. ഗുജറാത്ത് കഴിഞ്ഞാല്‍ മഹാരാഷ്‌ട്ര(മുംബൈ), ഹരിയാന എന്നിവിടങ്ങളില്‍നിന്നാണ് കൂടുതല്‍ പേര്‍ ഗൂഗിളില്‍ ഈ വിഷയം അന്വേഷിച്ചത്. പഞ്ചാബ്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളാണ് കള്ളപ്പണത്തെക്കുറിച്ച് സെര്‍ച്ച ചെയ്‌തവരില്‍ പിന്നീട് വരുന്നത്. ഇതുകൂടാതെ സര്‍ക്കാര്‍ പുറത്തിറക്കുന്ന പുതിയ നോട്ടുകളെ കുറിച്ചുള്ള അന്വേഷണവും ഗൂഗിളില്‍ വ്യാപകാണ്.