പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബസുകള്‍ക്ക് അടുത്ത ഹജ്ജ് മുതല്‍ ഹജ്ജ് സര്‍വീസിനു അനുമതി നല്‍കേണ്ടതില്ലെന്നു ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍റെ അധ്യക്ഷതയില്‍ ഇന്നലെ ജിദ്ദയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഹജ്ജ് മന്ത്രി മുഹമ്മദ് ബന്തന്‍, ഗതാഗത മന്ത്രി സുലൈമാന്‍ അല്‍ ഹംദാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
നിലവില്‍ പതിനെട്ട് വര്‍ഷം വരെ പഴക്കമുള്ള ബസുകള്‍ ഉപയോഗിക്കാം. മുന്‍ വര്‍ഷങ്ങളെ പോലെ ഇത്തവണയും ഇരുപത്തിയഞ്ചില്‍ കുറഞ്ഞ യാത്രക്കാരുള്ള വാഹനങ്ങള്‍ക്ക് ഹജ്ജ് വേളയില്‍ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ല. മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയില്‍ കഅബയുടെ ചുറ്റുഭാഗവും ഹജ്ജ് സീസണില്‍ കഅബയെ പ്രദിക്ഷണം വെക്കുന്ന തവാഫ് കര്‍മത്തിന് മാത്രമായി നിജപ്പെടുത്തി.
മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍റെ നിര്‍ദേശപ്രകാരമാണ് ഇത്. തവാഫിനു പുറമെ അഞ്ച് നേരത്തെ പ്രധാന നിസ്കാരങ്ങള്‍ മാത്രമേ ഇവിടെ അനുവദിക്കുകയുള്ളൂ. തവാഫ് ചെയ്യുമ്പോഴുള്ള തിരക്ക് ഒഴിവാക്കാനാണിത്. അതേസമയം അനുമതി പത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും അവര്‍ക്ക് യാത്രാ സഹായം ചെയ്യുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുരക്ഷാ വിഭാഗം ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി.
അനധികൃത ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കും. തടവ്, പിഴ, വാഹനം കണ്ടുകെട്ടല്‍, വിദേശികളെ നാടു കടത്തല്‍ തുടങ്ങിയവയാണ് ഇത്തരം കുറ്റങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷ. കഴിഞ്ഞ വര്‍ഷം അനധികൃതമായി ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിച്ച 1,60,000 പേരെ പ്രവേശന കവാടങ്ങളില്‍ വെച്ച് തിരിച്ചയച്ചിരുന്നു.
