കോഴിക്കോട്: സര്‍ക്കാറിന്‍റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി പാവങ്ങള്‍ക്ക് നല്‍കിയിരുന്ന അപകട മരണ ധനസഹായം പൂര്‍ണ്ണമായും നിര്‍ത്തലാക്കി. കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് സമാനമായ നീക്കം ഉണ്ടായത് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടപ്പോള്‍ പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ധനസഹായം പുനസ്ഥാപിച്ചിരുന്നു. ഇതേ ധനസഹായമാണ് അധികാരത്തില്‍ എത്തിയപ്പോള്‍ എല്‍.ഡി.എഫ് നിര്‍ത്തലാക്കിയത്.

സംസ്ഥാന സര്‍ക്കാറിന്‍റെ ആര്‍.എസ്.ബി.വൈ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തുടക്കം മുതല്‍ തന്നെ അപകട മരണത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കിയിരുന്നു. എന്നാല്‍ ഇനി മുതല്‍ ധനസഹായത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കണ്ട എന്നാണ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ചിയാക്കിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉത്തരവ്. ഉത്തരവിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം റിലയന്‍സുമായി ഇന്‍ഷൂറന്‍സ് കരാര്‍ പുതുക്കിയപ്പോള്‍ അപകട മരണ ധന സഹായമെന്ന അധിക ആനുകൂല്യം ചോദിച്ച് വാങ്ങിയില്ല. ബാങ്ക് അക്കൗണ്ട് തുറക്കുന്നവര്‍ക്ക് പോലും ഈ ആനുകൂല്യം ലഭ്യമാണെന്നിരിക്കെ ഇന്‍ഷുറന്‍സ് കമ്പനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ആനുകൂല്യം നേടിയെടുക്കാമായിരുന്നു.

ഓരോ വര്‍ഷവും മുന്നൂറ് കോടിയില്‍ ഏറെ രൂപയാണ് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പുതുക്കാന്‍ നല്‍കുന്നത്. 2013 ല്‍ യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് ഇതേ പ്രതിസന്ധി ഉണ്ടായപ്പോള് നടത്തിപ്പ് ഏജന്‍സിയായ ചിയാക്കിന്‍റെ ഭരണ ഫണ്ടില്‍ നിന്നും ധനസഹായം നല്‍കിയാണ് സര്‍ക്കാര്‍ പ്രശ്നം പരിഹരിച്ചത്. 

പത്ത് കോടി രൂപ ഓരോ വര്‍ഷവും ചിയാക്കിന് രജിസ്ട്രേഷന്‍ ഫീസായി കിട്ടുന്നുണ്ട്. ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയില്ലെങ്കില്‍ പോലും ധനസഹായം സര്‍ക്കാറിന് നല്‍കാമെന്നിരിക്കെ പാവങ്ങള്‍ക്ക് ലഭ്യമാകുന്ന ഒരു ആനുകൂല്യമാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്.