പിണറായി വിജയന്‍ അടക്കമുള്ള ലാവ്‍ലിന്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ റിവിഷന്‍ ഹരജി സമര്‍പ്പിക്കാന്‍ കേസ് അന്വേഷിച്ച സിബിഐക്ക് മാത്രമാണ് അധികാരമുള്ളെന്ന് കോടതി വ്യക്തമാക്കി. മറ്റൊരു സ്വകാര്യ വ്യക്തിക്കും കേസില്‍ ഇടപെടാന്‍ അവകാശമില്ല. കേസില്‍ പ്രതിയായിരുന്ന പിണറായി വിജയനും കേസ് അന്വേഷിച്ച സിബിഐയും ഉന്നയിച്ച ആവശ്യങ്ങള്‍ കോടതി പൂര്‍ണ്ണമായി അംഗീകരിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ ഏതെങ്കിലും കീഴ്ക്കോടതി വിചാരണ നടത്തി ശിക്ഷ വിധിച്ച കേസ് അല്ല ഇതെന്നും മറിച്ച് കുറ്റവിമുക്തമാക്കിയ കേസാണെന്നും അതുകൊണ്ടുതന്നെ കേസ് അന്വേഷിച്ച ഏജന്‍സിക്ക് മാത്രമാണ് റിവിഷന്‍ ഹര്‍ജി നല്‍കാനുള്ള അവകാശമെന്നും സിബിഐയുടെ രേഖകള്‍ മാത്രം പരിശോധിച്ച് പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്യാന്‍ അവര്‍ക്ക് മാത്രമാണ് അവകാശമെന്നും കോടതി നിരീക്ഷിച്ചു.
കേസില്‍ ഇനി സിബിഐ സമര്‍പ്പിച്ച റിവ്യൂ ഹരജിയില്‍ മാത്രമായിരിക്കും വാദം കേള്‍ക്കുക. കേസില്‍ സിബിഐക്ക് വേണ്ടി ദില്ലിയില്‍ നിന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാവുമെന്നും അദ്ദേഹത്തിന് കേസ് പഠിക്കാന്‍ രണ്ട് മാസം വേണമെന്നും കഴിഞ്‍ ദിവസം സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ച് കേസ് ഇനി രണ്ട് മാസം കഴിഞ്ഞ് പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം.
