മധു തിവാരി എന്ന 27കാരിയാണ് ആത്മഹത്യ ചെയ്തതെന്ന് ഹൗറ നോര്‍ത്ത് എ.സി.പി സ്വാതി ദാംഗലിയ പറഞ്ഞു. താന്‍ സ്കൂളില്‍ നിന്ന് കുട്ടികളെ വിളിച്ചുകൊണ്ടുവരുന്ന സമയത്ത് എ.ടി.എമ്മിന് മുന്നില്‍ ക്യൂ നില്‍ക്കാന്‍ ഭര്‍ത്താവ് ബ്രഷേജ്, യുവതിയോട് പറഞ്ഞു. കുട്ടികളെ വീട്ടിലാക്കിയ ശേഷം ഭര്‍ത്താവെത്തി പകരം ക്യൂവില്‍ നില്‍ക്കാമെന്നായിരുന്നു ധാരണ. ഇതനുസരിച്ച് എ.ടി.എമ്മിന് മുന്നിലെത്തിയ യുവതി, കൗണ്ടര്‍ അടച്ചിട്ടിരിക്കുന്നത് കണ്ട് തിരികെ വീട്ടിലേക്ക് മടങ്ങി. ഭാര്‍ത്താവും കുട്ടികളും വീട്ടില്‍ മടങ്ങിയെത്തയപ്പോള്‍ ഇതേച്ചൊല്ലി മധുവിനോട് ബ്രഷേജ് കലഹിച്ചു. ശേഷം ബ്രഷേജ് ഫ്ലാറ്റില്‍ നിന്ന് താഴേക്ക് ഇറങ്ങിയ സമയം മുറിയില്‍ കയറി വാതിലടച്ച യുവതി ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഭര്‍ത്താവ് താഴെയെത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ ചോര വാര്‍ന്ന നിലയില്‍ ഭാര്യയുടെ മൃതദേഹം കാണുകയായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറയുന്നു. എന്നാല്‍ മധു ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.