പാറ്റ്‌ന: പാവപ്പെട്ടവരുടെ വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ കൃതിമം കാണിച്ച് ബിഹാറുകാരന്‍ തട്ടിയത് മൂന്നരലക്ഷം രൂപ. വൈശാലി ജില്ലയിലെ വിഷ്ണുപുര്‍ ഗ്രാമവാസിയായ യോഗ്വേശര്‍ ചൗധരിയാണ് ഇത്രയും പണം കക്കൂസ് നിര്‍മ്മാണത്തിന്റെ പേരില്‍ വെട്ടിച്ചത്. വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കാനായി 42 തവണയാണ് ഇയാള്‍ പഞ്ചായത്തില്‍ അപേക്ഷനല്‍കി പണം വാങ്ങിയത്.

അപേക്ഷകള്‍ക്കൊപ്പം വ്യത്യസ്ത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് യോഗ്വേശര്‍ ഇത്രയും പണം തട്ടിയെടുത്തത്. മൊത്തം 3,49,600 രൂപയാണ് സ്വന്തം വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കാനെന്ന പേരില്‍ ഇയാള്‍ വെട്ടിച്ചെടുത്തത്. ഇതേ ഗ്രാമത്തിലുള്ള വിശേശ്വര്‍ റാം എന്നൊരാളും സ്വന്തം വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കാനായി അപേക്ഷകളിലായി 91,200 രൂപ കൈപ്പറ്റിയിട്ടുണ്ട്. 

സംഭവത്തെക്കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റ് നേരിട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഴിമതി പുറത്തു കൊണ്ടുവന്ന സാമൂഹ്യപ്രവര്‍ത്തകന്‍ രോഹിത് കുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം 2015-ലാണ് ആരോപണത്തിന് അടിസ്ഥാനമായ സംഭവം നടന്നെന്നും വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടിയെടുക്കുമെന്നുമാണ് വൈശാലി ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണര്‍ സര്‍വനയന്‍ യാദവിന്റെ നിലപാട്.