റിയാദ്: സൗദിയില്‍ 350ലധികം മനുഷ്യക്കച്ചവടകേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്.ഏറ്റവും കൂടുതല്‍ കേസുകള്‍ രാജ്യ തലസ്ഥാനമായ റിയാദിലാണ്. കേസുകളില്‍പെട്ടവരില്‍ കൂടുതലും വിദേശികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗദിയുട വിവിധ ഭാഗങ്ങളിലായി 350 ഓളം മനുഷ്യക്കച്ചവട കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിയാദിലാണ്. ഇവിടെ രജിസ്റ്റര്‍ ചെയ്തത് 150 കേസുകളാണ്. അതേസമയം 35 കേസുകള്‍ മക്കയിലും 10 കേസുകള്‍ ജിദ്ദയിലും 13 കേസുകള്‍ അല്‍ കോബാറിലും 12 കേസുകള്‍ ദമ്മാമിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേസുകളില്‍പെട്ടവരില്‍ കൂടുതലും വിദേശികളാണ്.
ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 17 ശതമാനത്തോളം കേസുകളിലും ഇതിനകം വിധി വന്നിട്ടുണ്ട്. ഭീഷണിപ്പെടുത്തല്‍, വഞ്ചന, തട്ടിക്കൊണ്ട് പോവല്‍, ഭിക്ഷാടനം, ബലം പ്രയോഗിച്ച് ജോലി ചെയ്യിപ്പിക്കല്‍, മോഷണത്തിനു പ്രേരിപ്പിക്കല്‍, അവയവം വില്‍പന നടത്തല്‍ എന്നിവയെല്ലാം മനുഷ്യക്കച്ചവടത്തിന്റെ പരിധിയില്‍പ്പെടുന്ന കുറ്റങ്ങളാണ്. മനുഷ്യക്കച്ചവടത്തിനു 15വര്‍ഷം തടവും പത്ത് ലക്ഷത്തില്‍ കുറയാത്ത പിഴയുമാണ് പരമാവധി ശിക്ഷ. വിസകച്ചവടം, അനധികൃത റിക്രൂട്ട്‌മെന്റെ എന്നിവയും മനുഷ്യ കച്ചവടത്തിന്റെ പരിധിയില്‍പ്പെടുമെന്ന് തൊഴില്‍ മന്ത്രാലയം നേരത്ത അറിയിച്ചിട്ടുണ്ട്.
