ഞായറാഴ്ച വൈകീട്ട് 7.10ന് കൃഷ്ണന്‍റെ മകൾ ആർഷ സഹപാഠികൾക്ക് വാട്സ്അപ്പ് സന്ദേശം അയച്ചിരുന്നു. രാത്രി 10.53 വരെ ആർഷ വാട്സ്ആപ്പില്‍ ഓൺലൈനിലുണ്ടായിരുന്നു.

ഇടുക്കി:കന്പകക്കാനത്തെ കൂട്ടക്കൊലപാതകത്തിൽ അന്വേഷണം കുടുംബത്തിന്‍റെ പരിചയക്കാരിലേക്ക്. കൊല്ലപ്പെട്ട ആർഷ ആരൊയൊക്കെയോ ഭയപ്പെട്ടിരുന്നുവെന്ന് അധ്യാപിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
തൊടുപുഴയില്‍ ഗവ.ബിഎഡ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ആര്‍ഷ. 

ഒരു മാസത്തോളമായി ക്ലാസ്സിലുണ്ടെങ്കിലും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു ആര്‍ഷയുടേതെന്ന് സഹപാഠികളും അധ്യാപകരും ഓര്‍ക്കുന്നു. എപ്പോഴും വിഷാദഭാവത്തില്‍ കാണപ്പെട്ട ആര്‍ഷ പക്ഷേ അകാരണമായി ഭയപ്പെട്ടിരുന്നതും അധ്യാപകര്‍ ശ്രദ്ധിച്ചിരുന്നു. ഇതേക്കുറിച്ച് അവളോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ക്ലാസില്‍ മറ്റു കുട്ടികള്‍ ഒറ്റപ്പെടുത്തുന്നു എന്നുമാത്രമാണ് അവള്‍ അധ്യാപകരോട് പരാതിയായി പറഞ്ഞത്. 

കഴിഞ്ഞ മാസം 15-ന് ആര്‍ഷയുടെ അമ്മ തന്നെ അധ്യാപികയെ വിളിക്കുകയും മകളുടെ ഉള്‍വലിയുന്ന സ്വഭാവത്തിന് മാറ്റം വരുത്താന്‍ ശ്രമിക്കണമെന്ന് അധ്യാപികയോട് പറഞ്ഞിരുന്നു. ബുധനാഴ്ച്ച ഞായറാഴ്ച വൈകീട്ട് 7.10ന് കൃഷ്ണന്‍റെ മകൾ ആർഷ സഹപാഠികൾക്ക് വാട്സ്അപ്പ് സന്ദേശം അയച്ചിരുന്നു. രാത്രി 10.53 വരെ ആർഷ വാട്സ്ആപ്പില്‍ ഓൺലൈനിലുണ്ടായിരുന്നു. ഇതിന് ശേഷം കൊലപാതകം നടന്നിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. 

കൊലപാതക സംഘം വീടിന്‍റെ വാതിൽ തകർക്കാതെയാണ് അകത്തേക്ക് കയറിയതെന്ന കാര്യം പരിഗണിച്ചാണ് കുടുംബത്തെ പരിചയമുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്ന് നിഗമനത്തിലേക്ക് അന്വേഷണസംഘമെത്തിയത്. പരിചയക്കാർ ആയിരിക്കും കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. 

സഹോദരങ്ങളുമായി കൃഷ്ണന് സ്വത്ത് തർക്കങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ബന്ധുക്കളെയും ചോദ്യം ചെയ്യും. ആഭിചാര ക്രിയകളുമായി ബന്ധപ്പെട്ട് കൃഷ്ണന്‍റെ വീട്ടിലെത്തിയവരുടെ വിവരങ്ങളും പൊലീസ് തേടുന്നുണ്ട്. ഞായറാഴ്ച രാത്രി കൊലപാതകം നടന്നിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. 

തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മൂന്ന് സിഐമാരടക്കം 20 പേരാണ് സംഘത്തിലുള്ളത്. കുടുംബത്തിന്‍റെ മൊബൈൽ നന്പറുകളും മറ്റു വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മുണ്ടൻ മുടി കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആര്‍ഷ, ആദര്‍ശ് എന്നിവരുടെ മൃതദേഹങ്ങളാണ് ബുധാനാഴ്ച വീടിന് പിന്നിലെ കുഴിയില്‍ നിന്ന് കണ്ടെത്തിയത്. 

ആഭിചാരക്രിയകള്‍ ചെയ്തു ജീവിച്ചിരുന്ന കൃഷ്ണനും കുടുംബവും അയല്‍വാസികളുമായി അധികം സന്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. അയൽക്കാരും ബന്ധുക്കളുമായി അടുപ്പമില്ലാതിരുന്ന കൃഷ്ണൻ ആഭിചാര ക്രിയകൾ നടത്തിയിരുന്നതായി നാട്ടുകാ‍ർ പറഞ്ഞു.രാത്രിയിലും പൂജകൾക്കായി നിരവധി പേർ വീട്ടിൽ എത്തിയിരുന്നു. ആഭിചാരക്രിയകളുമായി ബന്ധപ്പെടുണ്ടായ ചില തർക്കങ്ങളാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.പ്രദേശത്ത് അടുത്തിടെ ഉണ്ടായ അസ്വഭാവിക മരണങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കൃഷ്ണന്‍റെ വീട്ടിലെത്തിയവരെയും പൊലീസ് തെരയുന്നുണ്ട്.

മൂന്ന് ദിവസമായി കൃഷ്ണന്‍റെ വീട്ടിൽ ആളനക്കം ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് ബന്ധുക്കളും അയൽവാസികളും രാവിലെ അന്വേഷിച്ചെത്തിയപ്പോൾ തറയിൽ രക്തവും ഭിത്തിയിൽ രക്തം തെറിച്ച് പാടുകളും കണ്ടെത്തി. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിന് പുറകിലെ കുഴിയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒന്നിന് മുകളിൽ മറ്റൊന്നായി അടുക്കിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. കൃഷ്ണന്‍റെയും അർജുന്‍റെയും തലയ്ക്ക് അടിയേറ്റിരുന്നു. സുശീലയുടെയും ആർഷയുടെയും ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. മൃതദേഹങ്ങൾ കുഴിച്ചിട്ടിന് സമീപത്ത് നിന്ന് ഒരു കത്തിയും ചുറ്റികയും കണ്ടെടുത്തു.