ജോര്‍ജിയ: അമേരിക്കയിലെ ജോര്‍ജിയയില്‍ രണ്ട് കടകളിലായുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. 44 കാരനായ പരംജിത്ത് സിംഗ് ആണ് നിരവധി തവണ വെടിയേറ്റതിനെ തുടര്‍ന്ന് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ടോടെ ബര്‍ണറ്റ് ഫെറി റോഡിലെ ഹൈ ടെക് ക്വിക് സ്റ്റോപില്‍ വച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്. കടയിലെ കൗണ്ടറിന് പുറകില്‍ നില്‍ക്കുകയായിരുന്ന സിംഗിന് നേരെ മൂന്ന് തവണയാണ് അക്രമി വെടിയുതിര്‍ത്തത്. 

പരംജിത് സിംഗിനെ വെടിവച്ചതിന് ശേഷം മറ്റൊരു കടയില്‍ കയറിയ ആക്രമി അവിടെയും ഒരാള്‍ക്ക് നേരെ നിറയൊഴിച്ചു. പാര്‍ത്ഥ്വി പട്ടേല്‍ എന്ന 30 കാരനാണ് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നത്. അതേസമയമം ആക്രമി കടകളില്‍നിന്ന് മോഷണം നടത്തിയിട്ടില്ല. വെറുതെ കടയിലെത്തിയ ഇയാള്‍ വെടിയുതിര്‍ത്ത് നടന്നുപോകുകയായിരുന്നുവെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

സംഭവത്തില്‍ റഷദ് നിക്കോളാസ് എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, കവര്‍ച്ച, ആയുധം കയ്യില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ആക്രമണങ്ങള്‍ നടത്തിയതിന്‍റെ പേരില്‍ ഇയാളെ നേരത്തേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനുവരി 9ന് മൂന്ന് വയസ്സുള്ള കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ അറസ്റ്റിലായിരുന്നു.