ന്യൂയോര്‍ക്ക്: ഇന്ത്യക്കാര്‍ക്ക് ജനാധിപത്യ ഭരണക്രമത്തേക്കാള്‍ കൂടുതല്‍ താല്‍പര്യം ഏകാധിപത്യത്തോടും പട്ടാള ഭരണത്തോടുമാണെന്ന് സര്‍വ്വേ ഫലങ്ങള്‍. പ്രമുഖ അന്താരാഷ്ട്ര ഏജന്‍സിയായ പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇന്ത്യക്കാരുടെ ജനാധിപത്യ വിദ്വേഷം വെളിപ്പെടുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 55 ശതമാനത്തോളം പേരും രാജ്യത്ത് ഒരു ഏകാധിപതിയുടെ ഭരണമോ അല്ലെങ്കില്‍ പട്ടാള ഭരണമോ ആണ് ഇഷ്ടപ്പെടുന്നതെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ അവകാശപ്പെടുന്നത്. 27 ശതമാനം പേരും ശക്തനായ ഒരു നേതാവ് വേണമെന്ന അഭിപ്രായക്കാരാണത്രെ.
രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ 2500ഓളം പേരെ നേരിട്ട് കണ്ടാണ് സര്‍വ്വേ നടത്തിയത്. ഈ വര്‍ഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായിരുന്നു ജനങ്ങളെ നേരിട്ട് കണ്ട് വിവരങ്ങള്‍ ശേഖരിച്ചത്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ഏജന്‍സി സമാനമായ സര്‍വ്വേ നടത്തിയിരുന്നു. ഇതില്‍ ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, തുടങ്ങിയ രാജ്യങ്ങളും ഏകാധിപത്യത്തെ ഇഷ്ടപ്പെടുന്നവരാണ്. ദക്ഷിണാഫ്രിക്കക്കാര്‍ക്കും മറിച്ചൊരു അഭിപ്രായമില്ല. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ അഭിപ്രായം വ്യത്യസ്ഥമാണ്. വെറും 10 ശതമാനത്തോളം പേരാണ് യൂറോപ്പിലെ ഏകാധിപത്യ അനുകൂലികള്‍.
അതേസമയം ഇന്ത്യയിലെയും 50 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്ക് ജനാധിപത്യം തന്നെയാണ് പ്രിയം. പട്ടാളത്തെ ജനാധിപത്യ ഭരണക്രമം നിയന്ത്രിക്കണമെന്ന അഭിപ്രായമാണ് ഇവര്‍ക്കുള്ളത്.
