നിലമ്പൂരിൽ നടന്ന ഏറ്റുമുട്ടലിനെ കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു. പെരിന്തൽ മണ്ണ  സ്ബകളക്ടർ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഏറ്റുമുട്ടലിൽ സർക്കാരിന് പങ്കില്ലെന്ന് മന്ത്രി ജി സുധാകരൻ വ്യക്തമാക്കി. ഇതിനിടെ വ്യാജ ഏറ്റുമുട്ടലാണെന്ന വാദത്തെ ബലപെടുത്തുന്ന കണ്ടെത്തലുകളാണ്  മൃതദേഹ പരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും തെളിഞ്ഞത്.
 
നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന വാദം ശക്തമാകുന്നതിനിടെയാണ് സർക്കാർ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചത്. പെരിന്തൽമണ്ണ സബ് കലക്ടറാണ് അന്വേഷണം നടത്തുക. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട്  ക്രൈം ബ്രാഞ്ച് കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്.എന്നാൽ ഏറ്റുമുട്ടലിൽ സർക്കാരിന് പങ്കില്ലെന്ന വിശദീകരണവുമായി  മന്ത്രി ജി സുധാകരൻ രംഗത്തെത്തി.
 
അതിനിടെ നിലന്പൂരിലെ വെടിവയ്പില്‍ മാവോയിസ്റ്റുകള്‍ക്ക് പകരം രണ്ട് പൊലീസുകാരാണ് മരിച്ചതെങ്കില്‍ ഇത്രയും വിവാദമുണ്ടാകുമായിരുന്നില്ലെന്ന്  ദേശീയ മനുഷ്യാവകാശ കമ്മിഷനംഗം ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു.. . സംസ്ഥാന സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇക്കാര്യത്തിൽ ഇടപെടുന്ന കാര്യം തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ജൂഡിഷ്യൽ അന്വേഷണമാണ് വേണ്ടതെന്ന് കെപിസിസി അദ്ധ്യക്ഷൻ വി.എം സുധീരനും  മനുഷ്യാവകാശ പ്രവർത്തക‍രും ആവർത്തിച്ചു.
 
കൊല്ലപ്പെട്ട ദേവരാജന്‍റെയും അജിതയുടെയും ശരീരത്തിൽ 30 ൽ അധികം വെടിയേറ്റിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. അതുകൊണ്ടുതന്നെ അടുത്ത് നിന്നാണ് വെടിയേറ്റതെന്ന സംശയം ബലപെടുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികളിലേക്ക്  കടക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ഇരുവരുടെയും മൃതശരീരം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.