കൊച്ചി: ഇരുമ്പനം ഐഒസി പ്ലാന്‍റിലെ ടാങ്കര്‍ തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. സിഐടിയു ജില്ലാ നേതൃത്വം തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. 

 ഐഒസിയുമായി കരാറുള്ള ടാങ്കറുകളും പെട്രോള്‍ പമ്പുടമ കളുടെ ടാങ്കറുകളുമടക്കം 700ഓളം വാഹനങ്ങള്‍ ആണ് ഇരുമ്പനത്ത് നിന്ന് ഇന്ധനം കൊണ്ടുപോകുന്നത്. ഇവരില്‍ പമ്പുടമകളുടെ ടാങ്കര്‍ ലോറികള്‍ക്ക് മൂന്നിരട്ടിയിലധികം ലോഡുകള്‍ നല്‍കുന്നെന്ന് ആരോപിച്ചാണ് ടാങ്കര്‍ ലോറി ജീവനക്കാര്‍ സമരം ചെയ്യുന്നത്.

ഇത് തങ്ങളുടെ ശമ്പളത്തില്‍ കുറവുണ്ടാക്കുന്നുവെന്നും ലോറി ജീവനക്കാര്‍ ആരോപിക്കുന്നു. നാനൂറ്റി അന്‍പതിലേറെ ജീവനക്കാര്‍ പങ്കെടുക്കുന്ന സമരത്തെ തുടര്‍ന്ന് ഇന്ധനനീക്കത്തില്‍ എഴുപത് ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. പെട്രോള്‍ പമ്പുകള്‍ പൂട്ടിയിടേണ്ട അവസ്ഥയും ഉണ്ടായി.