ബഗ്‍ദാദിക്ക് പുറമേ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന മറ്റ് മൂന്ന് പേര്‍ക്കും ഭക്ഷ്യ വിഷബാധയേറ്റെന്ന് ഡെയ്‍ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ ചികിത്സക്കായി കര്‍ശന സുരക്ഷയുള്ള അ‍ജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. തങ്ങളുടെ ബുദ്ധികേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വിഷാംശമുള്ള ഭക്ഷണം എത്തിച്ചവരെ കണ്ടെത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്ര ശ്രമമാണ് നടത്തുന്നത്. അവശ നിലയിലായ മറ്റ് മൂന്ന് പേരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഇസ്ലാമിക് സ്റ്റേറ്റിലെ തന്നെ ഏറ്റവും പ്രമുഖര്‍ക്ക് മാത്രമാണ് തലവനായ അബൂബക്കര്‍ അല്‍ ബഗ്ദാദിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാവുന്നത്. വ്യോമാക്രമണങ്ങള്‍ ഉണ്ടാവാന്‍ സാധ്യതതയുള്ളതിനാല്‍ ഇറാഖിലെയും സിറിയയിലെയും വിവിധ പ്രദേശങ്ങളിലേക്ക് ബഗ്ദാദി ഇടക്കിടക്ക് താവളം മാറ്റും. വ്യോമാക്രമണങ്ങളില്‍ ഒന്നിലേറെ തവണ ബഗ്ദാദിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അദ്ദേഹം മരിച്ചതായും പലതവണ വാര്‍ത്തകള്‍ വന്നെങ്കിലും പിന്നീട് വീണ്ടും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടും.

ഈ വര്‍ഷം ആദ്യം അമേരിക്ക നടത്തി വ്യോമാക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് ആദ്യം പ്രചരിപ്പിക്കപ്പെട്ടെങ്കിലും പിന്നീട് തിരുത്തി. ഇബ്രാഹിം അവധ് ഇബ്രാഹിം എന്ന അബൂബക്കര്‍ അല്‍ ബഗ്ദാദി 1971ലാണ് ജനിച്ചത്. 2011ലാണ് ഇയാളെ അമേരിക്കന്‍ സേന ഭീകരനായി പ്രഖ്യപിക്കുന്നത്. ബഗ്ദാദിയുടെ മരണത്തിനോ അയാളെ പിടിക്കാനോ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കിയാല്‍ 10 മില്യന്‍ ഡോളറാണ് അമേരിക്കന്‍ സൈന്യം വാഗ്ദാനം ചെയ്തിരിക്കുന്നത്.