ഇസ്ലാമാബാദ്: തെരഞ്ഞെടുപ്പുചട്ടങ്ങളില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേതഗതിയില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന വിവിധ രാഷ്ട്രീയ കക്ഷികള്‍ ഇന്ത്യയുമായി ബന്ധപ്പെട്ടതായി പാകിസ്ഥാന്‍. പാക് ആഭ്യന്തരമന്ത്രി അഹ്‌സാന്‍ ഇക്ബാല്‍ ആണ് ആരോപണവുമായി എത്തിയത്. ഇക്കാര്യത്തില്‍ രഹസ്യ വിവരം ലഭിച്ചതായും എന്തിനാണ് സമരക്കാര്‍ ഇന്ത്യയെ സമീപിച്ചതെന്ന് പരിശോധിച്ചു വരികയാണെന്നും ആഭ്യന്തര മന്ത്രി പ്രതികരിച്ചതായി പാക് മധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

അവര്‍ സാധാരണക്കാരായ പ്രതിഷേധക്കാരല്ല, പിന്നില്‍ ദുരൂഹതയുണ്ട്. സമരത്തില്‍ ടിയര്‍ഗ്യാസ് അടക്കമുള്ള ആയുധങ്ങള്‍ സമരക്കാര്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ പാക് വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഉപരോധത്തില്‍ തുടങ്ങിയ സമര പരിപാടികള്‍ പാക് സേനയുടെയും പൊലീസിന്റെ ഇടപെടലോടെ കലാപത്തിലേക്ക് വഴിമാറി. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതി മുതലാണ് പ്രതിഷേധങ്ങള്‍ തുടങ്ങുന്നത്. സത്യപ്രതിജ്ഞ ചടങ്ങില്‍ മതവിശ്വാസം വെളിപ്പെടുത്തുന്നത് അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കലാപത്തിലേക്ക് വഴിമാറിയതോടെ ഇസ്ലാമാബാദില്‍ കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചു. പ്രദേശത്ത് ഒരു സുരക്ഷാഉദ്യോഗസ്ഥന്‍ മരിക്കുകയുംഇരുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കകയും ചെയ്തു. ഇസ്ലാമാബാദ്- റാവല് പിണ്ടി പാത പ്രതിഷേധക്കാര്‍ ഉപരോധിച്ചു. രണ്ടാഴ്ച പിന്നിട്ടിട്ടും ഉപരോധം തുടര്‍ന്ന സാഹചര്യത്തില്‍ ഇസ്ലാമാബാദ് ഹൈക്കോടതി ഇടപെടുകയായിരുന്നു. 24 മണിക്കൂറിനുള്ളില്‍ പ്രതിഷേധക്കാരെ പാതയില് നിന്നു മാറ്റണമെന്നായിരുന്നു കോടതി നിര്‍ദേശം.പക്ഷെ ഇത് പാലിക്കപ്പെട്ടില്ല. തുടര്‍ന്ന് സര്‍ക്കാറിനെതിരെ കോടതി നടപടികള്‍ തുടങ്ങി.

സര്‍ക്കാറും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതും കലാപം തുടങ്ങിയതും ഇതോടെയാണ്. തലസ്ഥാനമായ ഇസ്ലാമാബാദിലും പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഷഹ്ദാരയില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കലാപകാരികള്‍ വാഹനങ്ങള്‍ക്കു തീയിട്ടു.

സ്വകാര്യ ടെലിവിഷന്‍ ചാനലുകളെയും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരെയും പ്രതിഷേധരംഗങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ വിലക്കി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് ലഹോര്‍ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ലഹോറിലെ പലയിടത്തും ജനങ്ങള്‍ക്ക്പുറത്തിറങ്ങാന്‍ പറ്റാത്ത നിലയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.